പിണറായി വിജയൻ്റെ ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുകയാണ്; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതടക്കമുള്ള കാര്യങ്ങൾ അത്തരം ആരോപണങ്ങളെ ശരിവെക്കുന്നുമുണ്ട്; പ്രശസ്തിയും അംഗീകാരവുമുള്ള ഒരു സ്ത്രീയ്ക്ക് ഈ ഗതിയാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളോട് പിണറായി വിജയൻ്റെ സർക്കാർ എങ്ങനെയാകും പെരുമാറുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് കെ സുധാകരൻ

പിണറായി വിജയൻ്റെ ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പിണറായി വിജയൻ്റെ ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുകയാണ്.
ഈ കേസ് അട്ടിമറിക്കാൻ എൽഡിഎഫ് സർക്കാരിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതടക്കമുള്ള കാര്യങ്ങൾ അത്തരം ആരോപണങ്ങളെ ശരിവെക്കുന്നുമുണ്ട്. കേസ് അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആക്രമണത്തെ അതിജീവിച്ച യുവതി പറയുമ്പോൾ ഈ സർക്കാർ കേരളത്തിൻ്റെ പൊതു സമൂഹത്തിന് ബാധ്യതയായി മാറുകയാണ്.
പെൺകുട്ടികളെ പീഡിപ്പിച്ചാൽ അതിൻ്റെ തീവ്രത അളന്ന് നേതാക്കളെ രക്ഷപ്പെടുത്തുന്നവർ നാട് ഭരിക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾക്ക് നീതി അകലെ തന്നെയാണ്. ഈ സർക്കാർ കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും, ഓരോ വീട്ടമ്മമാർക്കും അപമാനമാണ്. പ്രശസ്തിയും അംഗീകാരവുമുള്ള ഒരു സ്ത്രീയ്ക്ക് ഈ ഗതിയാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളോട് പിണറായി വിജയൻ്റെ സർക്കാർ എങ്ങനെയാകും പെരുമാറുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കോടികളും പിണറായി വിജയനും ഉണ്ടെങ്കിൽ ആർക്കും ആരെയും പീഡിപ്പിക്കാമെന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ഈ കൊടിയ അക്രമം വെളിയിൽ കൊണ്ടുവരാനും അതിജീവിതയ്ക്ക് കരുത്തുപകരാനും തിരികെയൊരു നന്ദി പോലും പ്രതീക്ഷിക്കാതെ ആദ്യാവസാനം കൂടെ നിന്നയാളാണ് പ്രിയപ്പെട്ട പി.റ്റി.തോമസ് എന്ന കാര്യം പ്രബുദ്ധ കേരളം വിസ്മരിക്കരുത്. അതേ പി.റ്റിയുടെ തൃക്കാക്കരയിൽ തന്നെ ഈ അനീതി കൂടുതൽ ചർച്ചയാകുകയാണ്. ഈ നാട്ടിലെ പെൺകുട്ടികളുടെ ആത്മാഭിമാനത്തിന് വിലയിടുന്നപിണറായി വിജയൻ്റെ ഭരണത്തിന് തൃക്കാക്കരയിലെ പ്രബുദ്ധജനം വോട്ട് കൊണ്ട് മറുപടി പറയും.
https://www.facebook.com/Malayalivartha