പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി

പി കെ കാളന്‍ ഭവന പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ അടിയന്തര അന്വേഷണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയതാണ് പദ്ധതി. പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ മുതല്‍ നിര്‍മ്മാണ നിര്‍വ്വഹണം വരെയുള്ള മുഴുവന്‍ ഘട്ടങ്ങളും പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലീന എന്‍ ടി യുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചു. നിര്‍മ്മാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി സിവില്‍ എഞ്ചിനീയറിംഗ്/സ്ട്രക്ചറല്‍ വിദഗ്ദ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. അന്വേഷണ സമിതി പരിശോധനകള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
അഴിമതിക്കും വീഴ്ചകള്‍ക്കും കാരണക്കാരായ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നിയമ/അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. കുറ്റക്കാരെ ആരെങ്കിലും സംരക്ഷിച്ചിട്ടുണ്ടോ എന്നും പ്രത്യേക പരിശോധനയുണ്ടാകും. സമാന പദ്ധതി മറ്റ് ജില്ലകളില്‍ ഏതെങ്കിലും പേരുകളില്‍ നടപ്പാക്കിയിട്ടുണ്ടെങ്കില്‍ അവയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും. ഇതിന്റെ റിപ്പോര്‍ട്ട് 3 മാസത്തിനകം പ്രത്യേകം സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീങ്കു ബിസ്വാളിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി ഷാജി അറിയിച്ചു.
https://www.facebook.com/Malayalivartha


























