കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത് ഉന്നതത്തില്‍നിന്നുള്ള ഇടപെടല്‍ കാരണം..അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ വാദപ്രതിവാദങ്ങള്‍ കോടതിയില്‍ നടക്കവെ ആക്രമണത്തിനിരയായ നടി നാളെ മുഖ്യമന്ത്രിയെ കാണുമെന്ന് റിപ്പോര്‍ട്ട്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിലും സര്‍ക്കാരിനെതിരെ നടി നല്‍കിയ പരാതി വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. തുടരന്വേഷണത്തില്‍ ഉണ്ടായിരിക്കുന്ന ആശങ്ക നടി മുഖ്യമന്ത്രിയെ അറിയിക്കും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴച്ചതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും.
കേസിന്റെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അതിജീവിതയെ കൂട്ടത്തോടെയാണ് സിപിഎം നേതാക്കള്‍ വിമര്‍ശിച്ചത്. പിന്നാലെ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും നീതി ലഭ്യമാക്കുമെന്നും പിന്തുണ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് അതീജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വര്‍ദ്ധിപ്പിക്കുന്നതായും ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് ഹര്‍ജി പരിഗണിക്കവേ അന്വേഷണം നടക്കുന്നില്ലെന്ന അതിജീവിതയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂട്ടര്‍ വാദിച്ചു. നടിയുമായി ആലോചിച്ച് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha