തൃശൂര്‍ നഗരമധ്യത്തില്‍ ബാങ്കിലും ജ്വല്ലറിയിലും ചുമര്‍ തുരന്നു വന്‍ മോഷണശ്രമം

നഗരമധ്യത്തില്‍ വീണ്ടും കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പൊലീസ് സ്‌റ്റേഷന് വിളിപ്പാടകലെയുള്ള എംഒ റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടേയും സമീപത്തെ അയോധ്യ ജ്വല്ലറിയുടേയും ചുമര്‍ തുരന്നു മോഷണശ്രമം. ജ്വല്ലറിയുടെ സേഫും ബാങ്കിന്റെ ലോക്കറും കള്ളത്താക്കോലുപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബാങ്കിന്റെ മേശവലിപ്പിലുണ്ടായിരുന്ന ചില്ലറത്തുട്ടുകളൊഴികെ പണമോ സ്വര്‍ണമോ നഷ്ടപ്പെട്ടിട്ടില്ല.
ഇരുസ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ വൈദ്യുത കണക്ഷന്‍ വിഛേദിച്ച് ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ല. പൊലീസ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പലതും ബാങ്ക് പാലിച്ചിട്ടില്ലെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.
ബാങ്കുകളെ ലക്ഷ്യമിട്ട് ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കവര്‍ച്ചാശ്രമമാണിത്. വെളിയന്നൂരിലെ എടിഎമ്മിനുള്ളില്‍ നിന്ന് 26 ലക്ഷം കവര്‍ന്നതിനും പൂവണിയില്‍ എടിഎം കെട്ടിവലിക്കാന്‍ ശ്രമിച്ചതിനും പിന്നാലെയാണ് ചുമര്‍ തുരന്നുള്ള മോഷണശ്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കോര്‍പറേഷന്‍ ഓഫിസിനു സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരേചുമരിന് ഇരുവശവുമാണ് ബാങ്കും ജ്വല്ലറിയും പ്രവര്‍ത്തിക്കുന്നത്.
ബാങ്കിന്റെ പിന്നിലെ ഭിത്തി ഉളിയും ചുറ്റികയുമുപയോഗിച്ചു തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മേശവലിപ്പുകളെല്ലാം തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പലതരം താക്കോലുകളുപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമം നടത്തിയതായി വ്യക്തമായി. താക്കോലിടുന്ന ഭാഗം തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. ബാങ്കിനും ജ്വല്ലറിക്കുമിടയിലെ വാതില്‍ കുത്തിത്തുറന്ന് ജ്വല്ലറിക്കുള്ളില്‍ കടന്നു. എന്നാല്‍ ആഭരണങ്ങള്‍ സേഫിനുള്ളിലായതിനാല്‍ ഇവ അപഹരിക്കാനായില്ല.
സേഫ് തുറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഭിത്തി തുരക്കാനുപയോഗിച്ച ഉളിയും മറ്റും പൊലീസ് കണ്ടെടുത്തു. കമ്മിഷണര്‍ കെ.ജി. സൈമണ്‍, എസിപി ജി. ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























