അത് കയ്യബദ്ധമല്ല; പൂയപ്പള്ളിയില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്, മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരങ്ങള്‍ രംഗത്ത് എത്തിയതോടെ കള്ളി വെളിച്ചത്ത്.... പുറത്ത് വരുന്നത് ഏറെ നിർണായക വിവരങ്ങൾ

പൂയപ്പള്ളിയില്‍ കഴിഞ്ഞ ദിവസം വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൂയപ്പള്ളി ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ടുവീട്ടില്‍ ബിജുവി(56)നെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ബിജുവിന്റെ ഭാര്യ അന്നമ്മ(52)യാണ് പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചത്.
അതോടൊപ്പം തന്നെ കഴിഞ്ഞ പത്തിന് വൈകീട്ട് ആറോടെയാണ് അന്നമ്മയ്ക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തന്നെ 18-ന് അന്നമ്മ മരിക്കുകയായിരുന്നു. പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിക്കും കൊട്ടാരക്കര ഡിവൈ.എസ്.പി. ക്കും പരാതി നല്‍കിയിരുന്നു.
ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന്നമ്മ, കൈയബദ്ധം പറ്റി എന്നായിരുന്നു മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ പരിചരിക്കാന്‍ നിന്ന സഹോദരിമാരോട്, ഭര്‍ത്താവ് ബിജു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
പോലീസ് പറയുന്നത്:
പത്താംതീയതി അന്നമ്മയും ബിജുവും ഇവരുടെ മൂന്നുവയസ്സുള്ള ചെറുമകനുംകൂടി ബിജുവിന്റെ ഓട്ടോയില്‍ കൊല്ലം ക്ഷേമനിധി ഓഫീസില്‍ പോയിരുന്നു.
മടങ്ങിവരുമ്പോള്‍ ഇയാള്‍ മദ്യം വാങ്ങി. വീട്ടിലെത്തിയശേഷം ടെറസില്‍ കിടന്ന തുണി എടുത്തുകൊണ്ടുവന്ന അന്നമ്മയുടെ കാലില്‍നിന്ന് കുറച്ചു ചെളി ചവിട്ടുപടിയില്‍ പറ്റി. ഇത് ഉടന്‍ കഴുകാന്‍ പറഞ്ഞ് ബിജു ബഹളമുണ്ടാക്കി. നല്ലക്ഷീണമുണ്ടെന്നും കുറച്ചുകഴിഞ്ഞ് വൃത്തിയാക്കാമെന്നും അന്നമ്മ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ചെളി കഴുകിക്കളയണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയ ബിജു കുഞ്ഞിനെയും കൂട്ടി ഓട്ടോയില്‍ പോയി പെട്രോള്‍ വാങ്ങിവന്ന് കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്കുചുറ്റും ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മിക്കപ്പോഴും ബിജു ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്നും മണ്ണെണ്ണയൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നെന്നും അതുപോലെ ഭീഷണിമാത്രമാണെന്നു ധരിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നെന്നുമെന്നാണ് അന്നമ്മ സഹോദരങ്ങളോട് പറഞ്ഞത്.
പെട്രോള്‍ വാങ്ങിയതായി ബിജു പോലീസിനോട് സമ്മതിച്ചു. ഇയാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിക്കൊണ്ടുപോയതായി പമ്പ് ജീവനക്കാരും പോലീസില്‍ മൊഴി നല്‍കി. ഫൊറന്‍സിക് പരിശോധനയില്‍ പെട്രോളാണ് തീപിടിത്തത്തിനു കാരണമെന്നും കണ്ടെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി. സുരേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതത്വത്തില്‍ എസ്.ഐ. സജി ജോണ്‍, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























