ഇസ്ലാമിക് ബാങ്കിന് ബദലായി നായര്‍ ബാങ്ക് എന്ന ആശയവുമായി സുരേഷ് ഗോപി

മന്നത്തു പത്മനാഭന്‍ വിഭാവനംചെയ്ത \'എല്ലാവര്‍ക്കും തുല്യത\' എന്ന തത്വം നിറവേറണമെങ്കില്‍ നായന്മാര്‍ സംവരണമാവശ്യപ്പെടുന്നതിനു പകരം സ്വയംശാക്തീകരിക്കുകയാണ് വേണ്ടതെന്ന് പ്രസ്താവിച്ച സുരേഷ് ഗോപി \'നായര്‍ ബാങ്ക്\' എന്ന ആശയവും മുന്നോട്ടുവെച്ചു.
ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഗ്ലോബല്‍ എന്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എല്ലാവര്‍ക്കും തുല്യത എന്ന തത്വം നിറവേറാനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്ക്. താന്‍ ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായര്‍ ബാങ്കിനു വിഹിതമായി നല്‍കുമെന്നും താന്‍ ഒരുകോടി കൊടുത്താല്‍ രണ്ടുകോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശനടക്കമുള്ളവര്‍ സഹകരിക്കാമെന്നേറ്റു.
സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിനാല്‍ തന്നെ നായന്മാരുടേതു മാത്രമായ സംവരണമുണ്ടാക്കിയെടുക്കണം. ഇതിന് സ്വയംശാക്തീകരിക്കണം. നായന്മാര്‍ക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
അതേസമയം ജാതിക്കും മതത്തിനുമൊക്കെ അതീതമായി വാതില്‍ തുറന്നിട്ട സംഘടനയാണ് എന്‍എസ്എസ്സെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ചിലര്‍ ഗുരുവിനെ ഒരു ജാതിയിലേക്കുമാത്രം ചുരുക്കുന്ന ഇക്കാലത്ത് ജാതിക്കും മതത്തിനുമൊക്കെ അതീതമായ പ്രവര്‍ത്തനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗല്‍ഫ് രാജ്യങ്ങളില്‍ ഉള്ളതുപോലെ പലിശ രഹിത ബാങ്കിങ് എന്ന സംവിധാനത്തില്‍ കേരളത്തിലും ഇസ്ലാമിക് ബാങ്ക് ആരംഭിക്കാന്‍ നേരത്തെ ചില മുസ്ലിം സംഘടനകളും ലീഗും ശ്രമിച്ചിരുന്നു. പക്ഷേ ബിജെപി അടക്കമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം മൂലം അത് പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് ബാങ്കിനെ ശക്തമായി എതിര്‍ത്ത ബിജെപിയുടെ അനുഭാവിയായ സുരേഷ്‌ഗോപി ഇപ്പോള്‍ നായര്‍ ബാങ്ക് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























