കേരളത്തെ വലച്ച പ്രതിഭാസം... മിന്നൽ ചുഴലി ആഞ്ഞടിച്ചു! കലിതുള്ളി കാലവർഷ കെടുതിയും? ഇരട്ടിയിലധികം വേനൽ മഴയും നേരം തെറ്റി കാലവർഷവും

പ്രകൃതി ആകെ കലിച്ചിരിക്കുകയാണ്. കഴിഞ്ഞ 5 വർഷമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഭാസങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നിപ്പയും പ്രളയവും കൊറോണയും ഒക്കെ ആകെ തളർത്തി എന്നു വേണം പറയാൻ. അതിന്റെ ആഘാതത്തിൽ നിന്നും ഇതുവരും ജനങ്ങൾ കരകയറിയിട്ടില്ല. അതിനിടയിൽ കാലവർഷവും വേനൽ മഴയും കടുക്കുന്ന സാഹചര്യത്തിൽ ആകെ ആശങ്കയിലാണ് ജനങ്ങൾ. വേനൽ മഴ ഈ മാസത്തോടെ അവസാനിക്കും.
എന്നാൽ ഈ സീസണിൽ ഇതുവരെ കിട്ടിയത് ഇരട്ടിയിലധികം മഴയാണ്. എന്നാൽ കാലവർഷക്കാലത്തെ മഴ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഇനിയും ഒരു വ്യക്തമായ നിരീക്ഷണം സാധ്യമല്ലാത്ത സ്ഥിതിയാണുളളത്. അങ്ങനെയിരിക്കുമ്പോഴാണ് ജനങ്ങളെ ഭയപ്പെടുത്തുന്ന ചക്രവാതചുഴിയും മിന്നൽ ചുഴലിക്കാറ്റും പലയിടത്തും ആഞ്ഞടിക്കുന്നു എന്ന വിവരം ലഭിക്കുന്നത്. കേരളത്തിൽ ഇനി പെരുമഴക്കാലം തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിനിടയിൽ പുതിയ തലവേദനയായി മിന്നൽച്ചുഴലികളും പ്രത്യക്ഷപ്പെടുന്നു. കേവലം രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള അതിശക്തമായ ചുഴലിക്കാറ്റാണ് മിന്നൽച്ചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വരെ വേഗമുള്ള, ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന ഈ കാറ്റ് അതിനാശം വിതയ്ക്കാൻ കെൽപ്പുള്ളതാണ്. സമീപകാലത്ത് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റ് ഈ വിഭാഗത്തിലുള്ളതാണെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി റഡാർ ഗവേഷണ കേന്ദ്രം വിലയിരുത്തുന്നു.
കോട്ടയം ജില്ലയിലെ വാഴൂർ, പത്തനംതിട്ടയിലെ തടിയൂർ, അയിരൂർ, കണ്ണൂരിലെ പാനൂർ, എറണാകുളത്തെ ഏലൂർ, ആലുവ, തൃശ്ശൂരിലെ ചാലക്കുടിപ്പുഴയുടെ തീരം തുടങ്ങിയ ഇടങ്ങളിൽ അതിനാശം വിതച്ച പ്രാദേശിക ചുഴലി ഈ വിഭാത്തിലുള്ളതാണ്. 'ഗസ്റ്റിനാഡോ' എന്നാണ് ഇത് അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ വേനൽ മഴയ്‌ക്കൊപ്പം മാത്രമായിരുന്നു ഈ പ്രതിഭാസമെങ്കിൽ ഇപ്പോൾ കാലവ്യത്യാസമില്ലാതെ ഇതുണ്ടാകുന്നു. കടലിന്റെ അതിതാപമാണ് കാരണം.
കടലിൽ നീരാവി കൂടുകയും 15 കിലോമീറ്റർ വരെ ഉയരമുള്ള കൂമ്പാരമേഘങ്ങൾ ഒരു പ്രത്യേക ഇടത്ത് കേന്ദ്രീകരിക്കുകയും ചെയ്യും. ഇതിൽ നിന്ന് തണുത്തുറഞ്ഞ വായു അതിശക്തമായി ഭൗമ പ്രതലത്തിലേക്ക് വരുകയും ചുറ്റിയടിക്കുകയും ചെയ്യുന്നതാണ് മിന്നൽച്ചുഴലി എന്ന പ്രതിഭാസം. ഭൗമപ്രതലത്തിലെ ഘർഷണം കൂടിയാകുമ്പോൾ കാറ്റിന്റെ ചുഴറ്റിയടിക്കലിന് ശക്തിയേറും.
കൂമ്പാരമേഘങ്ങൾ ഉണ്ടാക്കുന്ന അതിതീവ്രമഴയ്ക്ക് പുറമേയാണ് പലപ്പോഴും ഇതുംകൂടിവരുന്നത്. ഇത് നാശത്തിന്റെ തീവ്രത ഇരട്ടിയാക്കുമെന്ന് ശാസ്ത്രജ്ഞനായ ഡോ.എം.ജി. മനോജ് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. സാധാരണ കാറ്റിൽ നിന്ന് വ്യത്യസ്ഥമായി ചുഴറ്റി വീശുന്നതു കാരണം മരങ്ങളും മറ്റും വട്ടത്തിൽ ഒടിച്ചെടുക്കും. ഇത് അപകട സാധ്യത വർധിപ്പിക്കും.
അതുകൊണ്ട് തന്നെ കാലവർഷം ആഞ്ഞടിക്കുമ്പോൽ മിന്നൽ ചുഴലികളും ഏറെ ഭീതിയാണ് പരത്തുന്നത്. മൂന്നുദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥവകുപ്പ് പ്രവചിച്ചിരുന്നത് എന്നാൽ പ്രവചനങ്ങളെയൊക്കെ കാറ്റിൽ പറത്തി സംസ്ഥാനത്തു തെക്കു പടിഞ്ഞാറൻ കാലവർഷമെത്തിയിട്ടുണ്ട്. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുൻപേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപ്. തുടക്കത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂൺ പകുതിയോടെ ശക്തമാകും എന്നുമാണു കണക്കുകൂട്ടൽ.
തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം . ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്. മെയ് 27ന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് കേരളത്തിൽ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
അതേസമയം, അടുത്ത 4 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ജൂൺ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 28 വരെ 98% വേനൽമഴ അധികം പെയ്തു.
എന്നാൽ കാലവർഷത്തിന്റെ മുൻനിരക്കാരായ തണുപ്പുപാളികളുടെ വരവ് ഇനിയും അനുഭവപ്പെടുന്നില്ല. മഴക്കാലത്ത് മുൻപ് പൊതുവേയുണ്ടായിരുന്ന പരക്കെമഴ എന്ന സ്ഥിതിയിൽ കുറച്ചുകാലമായി മാറ്റം വന്നിട്ടുണ്ട്. ഇത്തവണ അതിൽ കൂടുതലായിരിക്കും വ്യതിയാനമെന്ന വിലയിരുത്തലും നടക്കുന്നു. നിലവിൽ താഴേത്തട്ടിൽ കാറ്റിന് തീരെ ശക്തി കുറവെണെന്നാണ് റിപ്പോർട്ടുകളും.
കാലവർഷം അതിന്റെ രീതിയിൽ വരുന്നുണ്ടെങ്കിൽ കടൽ ഇളകി തുടങ്ങേണ്ടതാണെന്നു തീരദേശവാസികളും പറയുന്നു. എന്നാൽ കടൽ ഇപ്പോഴും ശാന്തമാണെന്നു മാത്രമല്ല തണുപ്പുമില്ല. അറബിക്കടൽ നല്ല ചൂടിലായതിനാൽ മത്സ്യങ്ങളും വളരെ കുറവാണ്. തലമുറകളായുള്ള നിരീക്ഷണ അറിവിൽ നിന്നാണ് ഇവർ കടലിലെ കാലവർഷ ഇളക്കങ്ങളെക്കുറിച്ചു പറയുന്നത്.
ഒറ്റപ്പെട്ട കനത്തമഴ പലയിടത്തും ഇപ്പോൾ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷത്തിൽ പൊതുവേ ശരാശരി ചൂട് അനുഭവപ്പെടുന്നുണ്ട്. അതു തണുപ്പിച്ചുകൊണ്ട് കാലവർഷക്കാറ്റിന്റെ മുൻനിരക്കാരായ തണുത്ത പാളികളെത്തുമെന്നാണ് കണക്കുകൂട്ടൽ. കാലാവസ്ഥാ ഗവേഷണമേഖലയിലെ പ്രമുഖ സ്വകാര്യ ഏജൻസികളുടെ മോഡലുകൾ അനുസരിച്ച് മഴക്കുറവാണ് പ്രവചിക്കുന്നത്.
എന്നാൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ചുഴലികൾ രൂപംകൊണ്ടാൽ എന്തു സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ കാലവർഷത്തിന്റെ ഗതി അത്തരത്തിലായിരുന്നു. സമ്മർദങ്ങളില്ലാതെ, സ്വഭാവികമായി നിശ്ചിത പാതയിൽ എത്തിക്കൊണ്ടിരുന്ന കാലവർഷത്തിന്റെ ഗതിയും സ്വഭാവവും ചുഴലികളെ കേന്ദ്രീകരിച്ച് എന്ന നിലവന്നാൽ വരും വർഷങ്ങളിൽ വൻവരൾച്ചയ്ക്കുളള സാധ്യത തള്ളിക്കളയാനാകില്ല.
കാലവർഷക്കാറ്റ് വന്നുതുടങ്ങിയാൽ അറബിക്കടലിന്റെ മുകൾഭാഗം തണുക്കും.അതോടെ ധാരാളം മത്സ്യങ്ങളെത്തുന്നതാണ് പൊതുവേ കാണാറുള്ളത്. കടലിന്റെ നിറം ഏതാണ്ട് പച്ചയാകുന്നതും ഈ സമയത്താണ്. 27 വരെയുളള കണക്കനുസരിച്ച് സാധാരണ ഈ സമയം വരെ 31.5 സെന്റീമീറ്റർ മഴയാണ് സംസ്ഥാനത്ത് കിട്ടേണ്ടതെങ്കിൽ 64.21 സെന്റീമീറ്റർ കിട്ടിക്കഴിഞ്ഞു. കഴിഞ്ഞവർഷവും ഇരട്ടിയിലധികമായിരുന്നു വേനൽമഴ.
https://www.facebook.com/Malayalivartha

























