ഓഫ് റോഡ് റെയ്‌സിംഗ് കേസ്... റെയ്‌സില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്ന് ജോജു; പിഴ അടച്ച് കേസില്‍ നിന്നും ഒഴിവായി ജോജു

വാഗമണ്‍ ഓഫ് റോഡ് റെയ്‌സിംഗ് കേസില്‍ നടന്‍ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് 5000 രൂപ പിഴ ഈടാക്കിയത്. റെയ്‌സില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നായിരുന്നു ജോജുവിന്റെ മൊഴി. ജോജു ജോര്‍ജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ആര്‍ടിഓ വ്യക്തമാക്കി.
അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്‌റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നാലു പേര്‍ നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു.
ഓഫ് റോഡ് റെയ്‌സ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആര്‍ടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha

























