പരാതിപ്പെട്ടിട്ട് എന്ത് കാര്യം... വിഷയം കോടതിയില്‍ എത്തുമ്പോള്‍ പിച്ചിയതും, മാന്തിയതിനുമെല്ലാം തെളിവ് കൊടുക്കേണ്ടി വരും; ആര് വരും തെളിവ് കൊടുക്കാന്‍; ശല്യം ചെയ്തയാളെ സ്വയം നേരിട്ട യുവതിയെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി

ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട യുവതിയെ പിന്തുണച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. പൊലീസില്‍ പരാതി നല്‍കാത്തതില്‍ യുവതിയെ കുറ്റപ്പെടുത്താനാകില്ലെന്നും, യുവതിക്ക് പ്രതികരിക്കേണ്ടി വന്നത് രാജ്യത്തിന്റേയും നിയമത്തിന്റേയും ഗതികേടാണെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.
'സ്ത്രീകള്‍ യാത്ര ചെയ്യുന്ന എല്ലാ ഇടങ്ങളിലും ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടക്കാറുണ്ട്. പലപ്പോഴും സ്ത്രീകള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കരയുകയോ ചെയ്യും. അവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും മെനക്കെടാറില്ല. കാരണം, ആരാണോ പരാതിപ്പെടുന്നത് അവരാകും നിയമത്തിന് മുന്നിലും സമൂഹത്തിന് മുന്നിലും കുറ്റവാളിയെ പോലെ നില്‍ക്കേണ്ടി വരുന്നതെന്ന് അവര്‍ക്കറിയാം. കേസ് കൊടുത്ത് കഴിഞ്ഞാലുള്ള ബുദ്ധിമുട്ട് കേസ് കൊടുത്തവര്‍ക്ക് മാത്രമേ അറിയൂ.
ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ ഗതികേട് കൊണ്ടാണ്. നിയമം കൈയിലെടുത്തു എന്ന് പറയുന്നുണ്ടല്ലോ, ഇവിടെ നിയമം ഉണ്ടോ? പരാതി കൊടുക്കാത്തില്‍ പോലും ഞാന്‍ ആ കുട്ടിയെ കുറ്റം പറയില്ല. കാരണം കോടതിയില്‍ ചെല്ലുമ്പോള്‍ ആ ബസിലിരുന്ന് തോണ്ടിയതും, ചിരിച്ചതും, പിച്ചിയതും, മാന്തിയതിനുമെല്ലാം തെളിവ് കൊടുക്കേണ്ടി വരും. കൂടെയുണ്ടായിരുന്നവര്‍, കണ്ട് നിന്നവരെല്ലാം സാക്ഷി പറയുമോ ആരും നമുക്ക് വേണ്ടി കഷ്ടപ്പെടില്ല' ഭാഗ്യ ലക്ഷ്മി പറഞ്ഞു.
വയനാട് നാലാം മൈലില്‍ നിന്നാണ് യുവതി ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും യുവതി പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.
ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ യുവതി കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് യവതിയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ യുവതിയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും യുവതി പ്രതികരിച്ചില്ല. തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് ബസിലേക്ക് കയറിയയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് യുവതി പറയുന്നു.
ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു. ആദ്യം അടികൊടുത്ത് തിരിച്ചു കയറാന്‍ നേരം വീണ്ടും അയാള്‍ മോശം കാര്യങ്ങള്‍ താഴെ കിടന്ന് പറഞ്ഞപ്പോള്‍ വീണ്ടുമെത്തി മര്‍ദിച്ചു. അതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതെന്നും യുവതി വ്യക്തമാക്കി.
ഏതു രീതിയിലാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിനാല്‍ കേസും മറ്റ് നടപടികളും വേണ്ട എന്ന നിലപാടിലാണ് യുവതി. ഇതേരീതിയില്‍ പെരുമാറുന്ന ആളുകളോട് പരസ്യമായി തന്നെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha

























