തൃശൂര്‍ കേരളവര്‍മയിലെ ബീഫ് ഫെസ്റ്റിവല്‍ ; അധ്യാപികയ്ക്ക് എതിരെ അന്വേഷണം

കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ് വിവാദം ആളിക്കത്തുന്നു. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയതിനു പിന്നാലെ അധ്യാപിക ദീപ നിശാന്തിനെതിരെയും അന്വേഷണം ആരംഭിച്ചു. ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയതിനെക്കുറിച്ചാണ് അന്വേഷണം. അന്വേഷണത്തിന് ഉത്തരവിട്ടത് കോളജിന്റെ ഉടമസ്ഥരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായരാണ്. അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോളജിലെ നിയമങ്ങള്‍ക്കെതിരായിട്ടാണ് എന്ന് തെളിഞ്ഞാല്‍ പുറത്താക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പലിനാണ് അന്വേഷണച്ചുമതല.
ബീഫ് കഴിച്ചതായി ആരോപിച്ച് ഉത്തരേന്ത്യയില്‍ ഒരാള്‍ കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു വെള്ളിയാഴ്ച എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. കോളജ് അധികൃതരുടെ അനുമതിയില്ലാതെയായിരുന്നു ഇത്. ഇതിനെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങുന്നത്. ഏറ്റുമുട്ടലില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. ക്യാംപസിലെ യൂണിയന്‍ ഓഫിസ് തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ബീഫ് ഫെസ്റ്റിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനൂപ് മോഹന്‍ ഉള്‍പ്പെടെയുള്ള ആറു പേരെ കോളജില്‍നിന്ന് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ ആഘോഷം സംഘടിപ്പിച്ചതിനും കോളജില്‍ മാംസാഹാരം ഉപയോഗിക്കരുത് എന്ന കീഴ്‌വഴക്കം ലംഘിച്ചതിനുമായിരുന്നു ഇതെന്നാണ് വിശദീകരണം.
സംഭവത്തിനു ശേഷമാണ് കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ക്ഷേത്രാചാരങ്ങളല്ല കോളജില്‍ പാലിക്കേണ്ടതെന്നും കലാ\'ക്ഷേത്ര\'ത്തില്‍ ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധിസമയത്ത് സ്ത്രീകള്‍ കയറരുതെന്ന് നാളെ പറഞ്ഞേക്കാമെന്നുമാണ് ദീപയുടെ പോസ്റ്റ്. ഇങ്ങനെ ചെയ്യുന്നവര്‍ നാളെ അഹിന്ദുക്കള്‍ പുറത്തു നില്‍ക്കണമെന്നും ആവശ്യപ്പെട്ടേക്കാമെന്നും ഭൂതകാല ജീര്‍ണതകളെ വരുംതലമുറ അതേപടി ചുമക്കേണ്ടതില്ല എന്നുമാണ് ദീപ എഴുതിയത്. ബീഫ് ഫെസ്റ്റിവലിനെ ന്യായീകരിക്കുന്ന അധ്യാപകരെ പുറത്താക്കുകയാണെങ്കില്‍ ആദ്യത്തെ പേര് തന്റേത് ആയിരിക്കണമെന്നും അവര്‍ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഇവര്‍ പിന്‍വലിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റാണെന്നും അധ്യാപികയ്‌ക്കെതിരെയുള്ള അന്വേഷണം പകപോക്കലാണെന്നുമാണ് എസ്എഫ്‌ഐയുടെ നിലപാട്. കോളജിന്റെ നടപടി ഫാസിസമെന്ന് അധ്യാപക സംഘടനകളും പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അധ്യാപികയ്ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും എഴുതിയിട്ടില്ലെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും ദീപ നിശാന്ത് നേരത്തേ വിശദീകരിച്ചിരുന്നു. പൊതുവിഷയങ്ങളില്‍ പ്രതികരിക്കാന്‍ ക്യാംപസിന് സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടെന്നും പുരോഗമന ചിന്തയ്ക്ക് ഇടം നല്‍കണമെന്നും ചൂണ്ടിക്കാണിക്കുകയാണ് സമൂഹമാധ്യമത്തിലൂടെ ചെയ്തത്. ഇത് മാനേജ്‌മെന്റിനോ ഏതെങ്കിലും സംഘടനയ്‌ക്കോ എതിരല്ല. ബീഫ് ഫെസ്റ്റിവല്‍ നടത്താനൊരുങ്ങിയ വിദ്യാര്‍ത്ഥികളോട് കോളജിന് പുറത്തു നടത്തുന്നതാണ് ഉചിതമെന്ന് ഉപദേശിച്ചിരുന്നതായും അധ്യാപകര്‍ ഇതിന് സാക്ഷികളാണെന്നും അവര്‍ പറഞ്ഞു.
കോളജില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് അധ്യാപികയെന്ന നിലയില്‍ ശ്രമിച്ചതെന്നും കോളജിന്റെ മതേതരസ്വഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. പരീക്ഷാമൂല്യനിര്‍ണയം നടക്കുന്നതിനാല്‍ ഈ ആഴ്ച കേരളവര്‍മ കോളജിന് അവധിയാണ്. തിങ്കളാഴ്ച കോളജ് തുറന്നതിന് ശേഷം കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























