വൈദ്യശാസ്ത്ര നൊബേലിനു ആലപ്പുഴയുടെ കൈത്താങ്ങ്

ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ മരുന്നുകള്‍ ആദ്യമായി പരീക്ഷിച്ചത് ആലപ്പുഴയില്‍ ആണ്. മന്തുരോഗ വിരകളെ നശിപ്പിക്കുന്നതിനുള്ള മരുന്നിന്റെ പരീക്ഷണം നടത്തിയത് ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിലെ മന്തുരോഗ ഗവേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ്. പുതിയ മന്തുരോഗ മരുന്നായ ഐവര്‍മെക്ടിന്റെ നിലവാരം, പ്രഹരശേഷി, ഓരോ രോഗിക്കും കൊടുക്കേണ്ട അളവ് എന്നിവ നിര്‍ണയിച്ച പഠനങ്ങളാണ് ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ സഹായത്തോടെ നടത്തിയത്. രോഗബാധിതന്റെ ഓരോ കിലോ ഭാരത്തിനും 200 മൈക്രോഗ്രാം എന്ന ഡോസ് നിശ്ചയിച്ചതും ഇവിടെ നടത്തിയ പഠനത്തിലാണ്.
പഴയ മരുന്നായ ഡിഇസിയും (ഡൈ ഈതൈല്‍ കാര്‍ബമസീന്‍ സിട്രേറ്റ്) ഐവര്‍മക്ടിനും തമ്മിലുള്ള താരതമ്യ പഠനവും ആലപ്പുഴയില്‍ നടത്തി. മന്തുരോഗ ബാധിതരുടെ സാന്നിധ്യവും ഇതു സംബന്ധിച്ച പഠനത്തിനുള്ള സൗകര്യങ്ങളും മുന്‍നിര്‍ത്തിയാണു ലോകാരോഗ്യ സംഘടന ആലപ്പുഴ മെഡിക്കല്‍ കോളജിനെ നിര്‍ണായക പഠനത്തിനായി തിരഞ്ഞെടുത്തത്. ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിലെ ഫൈലേറിയാസിസ് മേധാവിയായിരുന്ന മുന്‍ പ്രഫസര്‍ ഡോ. ആര്‍.കെ. ഷേണായി, മെഡിക്കല്‍ കോളജ് പ്രഫസര്‍ ഡോ. ടി.കെ. സുമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്.
ലോകാരോഗ്യ സംഘടനയ്ക്കായി ഗവേഷണം നടത്തുന്നവരും നൊബേല്‍ സമ്മാന ജേതാക്കളുമായ വിദേശ ശാസ്ത്രജ്ഞര്‍ വില്യം കാംപ്‌ബെല്‍, സതോഷി ഒമുറ എന്നിവരുമായി ഫൈലേറിയാസിസ് യൂണിറ്റ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ലോകം മുഴുവന്‍ ഇതുവരെ മന്തുരോഗ ചികില്‍സയ്ക്ക് ഉപയോഗിച്ചിരുന്നത് ഡിഇസി - ആല്‍ബെന്‍ഡോസോള്‍ സംയുക്ത മരുന്നാണ്. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഡിഇസി പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ചതോടെയാണു പുതിയ മരുന്നിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
ആഫ്രിക്കയിലെ പാര്‍ശ്വഫലങ്ങളുടെ പേരില്‍ ഇന്ത്യയിലും വിവാദങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഐവര്‍മെക്ടിന്‍ വികസിപ്പിച്ചത്. ഈ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാത്ത രാജ്യങ്ങളിലും ഇവ പരിശോധിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ഇതേതുടര്‍ന്നാണ് രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ ആലപ്പുഴ കേന്ദ്രീകരിച്ചു നടത്തിയത്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ നാലായിരത്തിലേറെ മന്തുരോഗ ബാധിതരുണ്ട്. ഇരു മരുന്നുകളും രോഗബാധിതരില്‍ രണ്ടു വര്‍ഷത്തോളം വിതരണം ചെയ്തു. രണ്ടു മരുന്നും പ്രയോജനകരമെന്നാണു ഗവേഷണത്തില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























