എല്ലാ ചികിത്സയും നല്‍കിയിട്ടും ബന്ധുക്കള്‍ ബഹളം വച്ചത് കാര്യങ്ങളറിയാതെ

വേണ്ടത്ര ചികിത്സ കിട്ടാതെ മണിക്കൂറുകളോളം കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രി വരാന്തയില്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊണ്ടു വന്ന കുട്ടിക്ക് മതിയായ പരിചരണമാണ് ആശുപത്രിയില്‍ നിന്നും നല്‍കിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു അറിയിച്ചു. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഉന്നത ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ എത്തുകയും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തു.
ആസ്ത്മയെ തുടര്‍ന്ന് കൊട്ടാരക്കര പുലമണ്‍ സ്വദേശി നിക്‌സന്റെ മകന്‍ ഷാലോം നിക്‌സനെ (അഞ്ചര വയസ്) ചൊവ്വാഴ്ച (06-10-2015) രാത്രി 7. 49നാണ് എസ്എടിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ പരിശോധനകള്‍ക്ക് ശേഷം രാത്രി 8.10 ന് കുട്ടിയെ വാര്‍ഡില്‍ എത്തിച്ചു.
കുട്ടിയെ റഫര്‍ ചെയ്ത സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ഡിലെ പരിശോധനയില്‍ നിന്ന് ഓക്‌സിജന്റെ അളവ് കുട്ടിയില്‍ വേണ്ടുവോളം ഉള്ളതായി കണ്ടു. ഓക്‌സിജന്റെ സഹായമില്ലാതെ എത്രത്തോളം ഓക്‌സിജന്‍ അളവ് ശരീരം നിലനിര്‍ത്തുന്നു എന്നറിയാന്‍ കുറച്ചു നേരം ഓക്‌സിജന്‍ കുട്ടിക്ക് നല്‍കിയില്ല. 15 മിനിറ്റിനു ശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് 94% ഉള്ളതായി കണ്ടു. ഗുരുതരമല്ലാത്ത ആസ്ത്മയ്ക്ക് ഐ.സി.യു. ചികിത്സ ആവശ്യമില്ലാത്തതിനാല്‍ വാര്‍ഡില്‍ തന്നെ തുടര്‍ ചികിത്സ നല്‍കി.
ഓക്‌സിജന്റെ സഹായത്തോടെ 10 മിനിട്ടു നെബുലൈസ് ചെയ്ത ശേഷം ശരീരത്തിലെ ഓക്‌സിജന്‍ അളവ് 98% ഉയര്‍ന്നു. നെബുലൈസേഷന്‍ തല്‍ക്കാലം നിര്‍ത്തുകയും അരമണിക്കൂറിന് ശേഷം അത് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടയില്‍ കുട്ടിയെ സെമി ഐ.സി.യു. വാര്‍ഡിലേക്ക് മാറ്റി. ഇത് മുഖ്യമായും മാതാപിതാക്കളുടെ ആശങ്കയകറ്റാനായിരുന്നു. കുട്ടിയ്ക്ക് ന്യൂമോണിയ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി.
ഈ കുട്ടിയ്ക്ക് നേരത്തെ തന്നെ ആസ്ത്മ രോഗമുള്ളതും വീട്ടില്‍ വച്ചു തന്നെ നൈബുലൈസേഷന്‍ ചെയ്തു വരുന്നതുമാകുന്നു. ഇത്തരം കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുക പതിവാണ്. വിക്കിച്ചുമച്ചതാണ് ഇത്തവണ രോഗം മൂര്‍ച്ഛിക്കാനുള്ള കാരണം. ഇത് കൂടാതെ കുട്ടിക്ക് ജന്മനാ തന്നെ തലച്ചോറിനുള്ള അസുഖം കാരണം സെറിബ്രല്‍ പാള്‍സി (സി.പി.) എന്ന അസുഖം ഉണ്ട്.
ഇതൊന്നും മനസിലാക്കാതെ ആശുപത്രിക്ക് പുറത്തിരുന്ന ബന്ധുക്കളാണ് ചികിത്സ വൈകുന്നു എന്നാരോപിച്ച് ബഹളം വച്ചതും മാധ്യമങ്ങളെ വിളിച്ചു വരുത്തിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























