തിരിച്ചടി തുടങ്ങിയാല്‍... യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് റഷ്യ; യുക്രെയ്‌ന് മിസൈല്‍ നല്‍കിയാല്‍ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പുടിന്‍

വീണ്ടും യുക്രെയിന്‍ ശ്രദ്ധാ കേന്ദ്രമാകുകയാണ്. 100 ദിവസം പിന്നിട്ടിട്ടും യുക്രെനിന്റെ നാലിലൊന്ന് ഭാഗം പോലും പിടക്കാന്‍ റഷ്യയ്ക്കായില്ല. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സഹായം യുക്രെയിനിനെത്തിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചു. ജാവലിന്‍ ടാങ്ക് വേധ മിസൈല്‍, ഹെലികോപ്റ്ററുകള്‍, പ്രസിഷന്‍ ഗാര്‍ഡഡ് മിസൈലുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം 4 ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെടുന്നെന്നതാണു ശ്രദ്ധേയം.
എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം. വലിയ ലോകശ്രദ്ധ ഹിമാര്‍സ് മിസൈലുകള്‍ നേടി. യുക്രെയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. റഷ്യന്‍ അധിനിവേശം യുക്രെയ്‌നില്‍ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജാണു യുഎസില്‍ നിന്നു യുക്രെയ്‌നിലെത്തുന്നത്.
450 കോടി യുഎസ് ഡോളര്‍ സൈനിക സഹായം അമേരിക്ക ഇതുവരെ യുക്രെയ്‌നായി നല്‍കി. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാര്‍സ്. ഒറ്റ ലോഞ്ചറില്‍ തന്നെ അനേകം മിസൈലുകള്‍ വഹിക്കാം.
6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം. ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകള്‍ക്ക് വലിയ പ്രഹരശേഷി നല്‍കുന്നത്.
താരതമ്യേന നോക്കുമ്പോള്‍ റഷ്യന്‍ ലോഞ്ചറുകള്‍ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേല്‍ക്കൈ ചില മേഖലകളിലെങ്കിലും നല്‍കാനിടയുണ്ട്. ഹിമാര്‍സ് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി യുക്രെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ റേഞ്ച് ആര്‍ട്ടിലറി പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ ഇതു തങ്ങളെ അനുവദിക്കുമെന്ന് യുക്രെയ്ന്‍ കണക്കുകൂട്ടുന്നു.
നിലവില്‍ യുക്രെയ്‌ന്റെ കൈയിലുള്ള ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. റഷ്യന്‍ ആധിപത്യം ശക്തമായിരിക്കുന്ന കിഴക്കന്‍ മേഖലയിലാണ് ഇതു കൊണ്ട് ഏറെ ഉപയോഗം വരികയെന്ന് യുക്രെയ്ന്‍ പറയുന്നു. അതിര്‍ത്തി കടന്ന് റഷ്യന്‍ മേഖലകളില്‍ ആക്രമിക്കാന്‍ ഇതു കൊണ്ട് സാധിക്കുമെങ്കിലും അതു ചെയ്യില്ലെന്ന് യുക്രെയ്ന്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈല്‍ ഉപയോഗിക്കുള്ളൂ എന്നാണ് യുക്രെയ്‌ന്റെ നിലപാട്.
എന്നാല്‍ ഹിമാര്‍സ് യുക്രെയ്‌നു നല്‍കാനുള്ള യുഎസ് നീക്കത്തിനെ റഷ്യ വിമര്‍ശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ യുഎസും റഷ്യയും തമ്മിലുള്ള മുഖാമുഖത്തിന് ഇതു വഴിയൊരുക്കിയേക്കാമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്‌ന് കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചാല്‍ റഷ്യ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌നു ലഭിക്കുന്ന പക്ഷം കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുട്ടിന്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ റഷ്യ ഉന്നം വയ്ക്കുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് പുട്ടിന്‍ വ്യക്തമാക്കിയില്ല. റഷ്യന്‍ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രെയ്ന്‍ ഏറെ നാളായി ആവശ്യപ്പെടുന്ന അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കാന്‍ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. ഈ മിസൈലുകള്‍ റഷ്യയ്ക്ക് വലിയ തിരിച്ചടിയാകും.
"
https://www.facebook.com/Malayalivartha























