തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം... 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻറെ കെഎച്ച് സുധീർഖാൻറെ വിജയം

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻറെ കെഎച്ച് സുധീർഖാൻറെ വിജയം. വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താനായി ഉറച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫിനും പരാജയം കനത്ത തിരിച്ചടിയായി.
ഏറെകാലത്തിനുശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിൻറെ കക്ഷി നില 20 ആയി ഉയർന്നു. 2015ലാണ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാർഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് വിഴിഞ്ഞം യുഡിഎഫ് തിരിച്ചു പിടിച്ചത്.
വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കെഎച്ച് സുധീർഖാൻ 2902 വോട്ടുകൾ നേടിയപ്പോൾ 2819 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഎമ്മിൻറെ എൻഎ നൗഷാദിന് നേടാനായത്. ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു 2437 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് വിമതൻ എൻ.എ.റഷീദ് 118 വോട്ട് പിടിച്ചതാണ് എൽഡിഎഫിന് കനത്ത തിരിച്ചടിയായത്.
യുഡിഎഫ് സ്ഥാനാർത്ഥി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് വിമതന് ലഭിച്ച വോട്ടുകളും യുഡിഎഫിൻറെ വിജയത്തിൽ നിർണായക വഴിത്തിരിവായി മാറി. വിഴിഞ്ഞം വാർഡിലെ മുൻ സിപിഎം കൗൺസിലറായ എൻഎ റഷീദ് ഇത്തവണ സ്വന്തന്ത്രനായി മത്സരിക്കുകയായിരുന്നു. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനായി മത്സരിച്ചിരുന്നു.
വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തെതുടർന്ന് മരിച്ചതിനെതുടർന്നാണ് വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്ത് വാശിയേറി പോരാട്ടമായിരുന്നു.
"
https://www.facebook.com/Malayalivartha



























