വണ്ടിയോടുമെങ്കിലും... മാസത്തില്‍ കൃത്യമായി ശമ്പളം ലഭിക്കാത്തത് കൊണ്ട് കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം: സഖാക്കളും കോണ്‍ഗ്രസുകാരും ഒറ്റ ലക്ഷ്യവുമായി മുന്നോട്ട്; സര്‍വീസുകള്‍ മുടങ്ങില്ലെങ്കിലും പ്രതിഷേധം ശക്തമാക്കും

ഒന്നാം തീയതിയെന്ന ദിവസമുണ്ടെങ്കില്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്ന വകുപ്പാണ് കെഎസ്ആര്‍ടിസി. അതൊക്കെ ഒരു കാലം. ഇപ്പോഴിതാ ശമ്പളത്തിനായി സമരം ചെയ്യുകയാണ്. അത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ്കാരുമുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്.
ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് മുന്നോട്ടുവെക്കും. ഈ മാസം 20ന് മുന്‍പ് ശമ്പളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്‌മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകള്‍.
ഭരണാനുകൂല സംഘടനയായ സിഐടിയു ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. ട്രാന്‍സ്‌പോര്‍ട്ട ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും. ചീഫ് ഓഫീസിന് മുന്നില്‍ ഐഎന്‍ടിയുസി ഇന്ന് തുടങ്ങുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
ബിഎംഎസും ഇന്ന് ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കും. എഐടിയുസി നാളെ മുതല്‍ മഹാ കണ്‍വെന്‍ഷനുകള്‍ നടത്തും. മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് കഴിഞ്ഞ വാരം വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്‌കരിച്ചിരുന്നു.
മെയ് മാസത്തില്‍ ശമ്പളം നല്‍കാനായി 65 കോടിയുടെ സഹായമാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.
ഐ.എന്‍.ടി.യു.സി. ഡ്രൈവേഴ്‌സ് യൂണിയന്‍ കൂട്ടായ്മയായ ടി.ഡി.എഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി വി.എസ്. ശിവകുമാര്‍ അധ്യക്ഷനാകും. കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്റെ സമരം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും.
ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. ബസ് സര്‍വീസുകളെ ബാധിക്കാത്തവിധമാണ് സമരം. ബി.എം.എസ്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി.യുടെ ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്ച അനിശ്ചിതകാല ധര്‍ണ ആരംഭിക്കും.
193 കോടി രൂപ മാസവരുമാനം നേടിയിട്ടും ശമ്പളം നല്‍കാത്തതാണ് സംഘടനകളുടെ പ്രതിഷേധത്തിനു കാരണം. ഡ്യൂട്ടി പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. വെള്ളിയാഴ്ച വിളിച്ച യോഗത്തിലാണ് ശമ്പളവിതരണത്തിലെ അനിശ്ചിതത്വം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ശമ്പളം കിട്ടിയിട്ട് ചര്‍ച്ചചെയ്യാമെന്നുപറഞ്ഞ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു.
ഡീസല്‍ ചെലവും കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവും കഴിഞ്ഞപ്പോള്‍ ഖജനാവ് കാലിയായെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. ശമ്പളം ഉള്‍പ്പെടെ 250 കോടി രൂപ ഈ മാസം ചെലവുണ്ട്. സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല. കഴിഞ്ഞമാസം ശമ്പളം നല്‍കാനെടുത്ത 46 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാത്തതിനാല്‍ ഇത്തവണ ഓവര്‍ഡ്രാഫ്റ്റിനു സാധ്യതയില്ല. ശമ്പളം നല്‍കാന്‍ മാത്രം 72 കോടി വേണം.
കഴിഞ്ഞമാസം 50 കോടി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത്തവണയും സര്‍ക്കാര്‍ സഹായം വേണ്ടിവരും. പെന്‍ഷനുള്ള 65 കോടിക്കു പുറമെ വായ്പ തിരിച്ചടവിനുള്ള 30 കോടികൂടി മാസം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുന്നില്ല.
" f
https://www.facebook.com/Malayalivartha























