ഓണ്‍ലൈന്‍ തട്ടിപ്പ്... വ്യാജ അക്കൗണ്ട് വഴി കൊല്ലം സ്വദേശിനിയായ റിട്ട. തഹസില്‍ദാരില്‍ നിന്നു മിസോറം സ്വദേശി 24 തവണകളായി തട്ടിയെടുത്തത് 61 ലക്ഷം രൂപ... വിദേശത്ത് ഡോക്ടര്‍ ആണെന്നു പരിചയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത് , സൈബര്‍ കുറ്റകൃത്യം നടത്തുന്ന സംഘത്തിന്റെ പ്രധാന പങ്കാളിയായ മിസോറാം സ്വദേശി പിടിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പ്... വ്യാജ അക്കൗണ്ട് വഴി കൊല്ലം സ്വദേശിനിയായ റിട്ട. തഹസില്‍ദാരില്‍ നിന്നു മിസോറം സ്വദേശി 24 തവണകളായി തട്ടിയെടുത്തത് 61 ലക്ഷം രൂപ റിട്ട. തഹസില്‍ദാര്‍ പലപ്പോഴും കാര്‍ ഓടിച്ചു ബാങ്കില്‍ എത്തിയാണ് വ്യാജ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ താമസിക്കുന്ന മിസോറം ഐസ്വാള്‍ സ്വദേശി ലാല്‍ റാം ചൗനയെ (26) ആണ് ഓണ്‍ലൈന്‍ തട്ടിപ്പിനു കഴിഞ്ഞ ദിവസം കൊല്ലം സൈബര്‍ പൊലീസ് പിടികൂടിയത്.
സൈബര്‍ കുറ്റകൃത്യം നടത്തുന്ന സംഘത്തിന്റെ പ്രധാന പങ്കാളിയാണ് ഇയാള്‍. തട്ടിപ്പ് നടത്തി കൈക്കലാക്കിയതിന്റെ പകുതി തുക കൂട്ടാളികളായ നൈജീരിയക്കാര്‍ക്ക് നല്‍കിയതായി ലാല്‍ റാം ചൗന പൊലീസിനോടു പറഞ്ഞു. ഇയാളുടെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 13 ലക്ഷം രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് അയച്ചത്. ഇതില്‍ 11 ലക്ഷം രൂപ ഈ അക്കൗണ്ടുകളില്‍ ഉണ്ട്. ആകെ 16 അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്.
വിദേശത്ത് ഡോക്ടര്‍ ആണെന്നു പരിചയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത്. നാട്ടിലേക്കു മടങ്ങുകയാണെന്നും സ്വത്തുക്കള്‍ സമ്മാനമായി നല്‍കുകയാണെന്നും കൊല്ലം സ്വദേശിനിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണെന്നു പറഞ്ഞു ഫോണ്‍ വിളിയെത്തി. സമ്മാനം തടഞ്ഞു വച്ചിരിക്കുകയാണെന്നും വിട്ടുനല്‍കാനായി വിവിധ ഇനങ്ങളിലായി തുക അടയ്ക്കണമെന്നും ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയാണ് വിളിച്ചത്.
ചൗന തന്നെയായിരുന്നു 'കസ്റ്റംസ് ഉദ്യോഗസ്ഥന്‍'. പിന്നീട് പലതവണ വിളിച്ചു പണം ആവശ്യപ്പെട്ടു. സമ്മാനപ്പൊതിയില്‍ വജ്രം, സ്വര്‍ണം എന്നിവ ഉണ്ടെന്നും അതു രഹസ്യമായി കൊണ്ടുവന്നതാണെന്നും പറഞ്ഞു. ഒടുവില്‍ ഭീഷണിയായി. കൊല്ലം സ്വദേശിനി ആവശ്യപ്പെട്ടത് അനുസരിച്ചാണു സ്വര്‍ണവും വജ്രവും കടത്താന്‍ ശ്രമിച്ചതെന്നു കസ്റ്റംസിനോടു പറഞ്ഞു കേസില്‍ പ്രതിയാക്കും എന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. മറ്റാരും അറിയാതിരിക്കാനായി പരാതിക്കാരി പണം അയച്ചു കൊടുക്കുകയായിരുന്നെന്ന് പൊലീസ് .
കൊല്ലം സ്വദേശിനി പരാതിപ്പെടാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പൊലീസ് നിര്‍ബന്ധം ചെലുത്തി എഴുതി വാങ്ങുകയായിരുന്നു. ചൗന ആദ്യമായാണു പിടിയിലാകുന്നത്.
ഒപ്പം താമസിച്ചിരുന്ന പെണ്‍സുഹൃത്തും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. തട്ടിപ്പിനു സിം ഉപയോഗിക്കാറില്ല. ഓണ്‍ലൈന്‍ മുഖേനയാണ് വിളിക്കുന്നത്. സമാനമായ 10 കേസുകള്‍ കൊല്ലം സൈബര്‍ ക്രൈം സെല്‍ അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha























