ഇടുക്കിയില്‍ ബൈക്ക് ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളില്‍ പതിച്ച് അപകടം ഉണ്ടായത് മത്സരയോട്ടത്തിനിടെയെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍... അപകടമുണ്ടാക്കിയ വിഷ്ണു പ്രസാദിനെതിരെ കേസെടുത്ത് മോട്ടര്‍ വാഹന വകുപ്പ്

ഇടുക്കിയില്‍ ബൈക്ക് ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളില്‍ പതിച്ച് അപകടം ഉണ്ടായത് മത്സരയോട്ടത്തിനിടെയെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അഞ്ച് വാഹനങ്ങളാണ് മത്സരയോട്ടത്തില്‍ പങ്കെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കട്ടപ്പന ഡിവൈഎസ്പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, മത്സരയോട്ടത്തില്‍ പങ്കെടുത്ത 2 ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 12,160 രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യക്തമാക്കി കെഎസ്ഇബി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
മോട്ടര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായാണു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അപകടം ഉണ്ടാക്കിയതിനു കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന് എതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.
യുവാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം മാത്രമേ ലൈസന്‍സ് എത്രനാളത്തേയ്ക്കു റദ്ദാക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. നടപടികള്‍ സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മത്സരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുപ്രസാദ് തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത മനസ്സിലായത്. ട്രാന്‍സ്ഫോമറിലെ ഫ്യൂസും മറ്റും എതിര്‍വശത്തായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
"
https://www.facebook.com/Malayalivartha























