തിരുവനന്തപുരത്ത് മീനുകളില്‍ അമോണിയയുടെ സാന്നിധ്യം, എം ജെ ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. മീനുകളില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മീനാണ് പിടിച്ചെടുത്തത്. 7500 കിലോയോളം പഴകിയ മീനാണ് മൊത്തവ്യാപാര മാര്‍ക്കറ്റായ എം ജെ ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തത്.
സര്‍ക്കാരിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ദിവസവും പഴകിയ മീനുകള്‍ വില്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തിയത്. നിരവധി കണ്ടെയ്‌നറുകളില്‍നിന്നായിട്ടാണ് മത്സ്യം പിടികൂടിയത്.
അരോഗ്യ വകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ മീനുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് മത്സ്യമാര്‍ക്കറ്റിനുള്ളില്‍ വലിയ കുഴിയെടുത്ത് പഴകിയ മത്സ്യങ്ങള്‍ മൂടുകയായിരുന്നു. തുടര്‍പരിശോധനയ്്ക്കായി മത്സ്യത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എസ്.അജിയുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത മീനിന്റെ സാമ്പിള്‍ രാസപരിശോധനയ്ക്കായി കൊച്ചിയിലെ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha






















