തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്.... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പല വ്യക്തികളില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. കേസിലെ എല്ലാ കാര്യങ്ങളും കോടതിയില്‍ അറിയിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നത്തെ രഹസ്യ മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
തനിക്ക് ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പറയാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും കോടതിയില്‍ കാര്യങ്ങള്‍ തുറന്നുപറയും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാനാണ് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത്. രഹസ്യമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസുകളില്‍ 164ാം വകുപ്പ് പ്രകാരം സ്വപ്‌ന മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കുന്ന മൊഴി നിര്‍ണായകമാകും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിലും സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്‌നയുടെതായി പുറത്തു വന്ന മൊഴി പൊലീസിന്റെ പ്രേരണയിലാണെന്ന് സ്വപ്‌ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്ക് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. എം ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ വീണ്ടും സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha






















