നാലാമത്തെ പി.എല്‍.സി യോഗവും അലസിപ്പിരിഞ്ഞു, മൂന്നാര്‍ വീണ്ടും സംഘര്‍ഷഭരിതം

തോട്ടം തൊഴിലാളികളുടെ മിനിമംകൂലി സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നാലാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി.എല്‍.സി.) യോഗവും തീരുമാനമാകാതെ പിരിഞ്ഞു. മിനിമംകൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളി യൂണിയനുകളും സാധ്യമല്ല എന്ന നിലപാടില്‍ തോട്ടമുടമകളും ഉറച്ചുനിന്നതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.
സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്നുമുതല്‍ പ്രശ്‌നപരിഹാരംവരെ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ സംയുക്തതൊഴിലാളി യൂണിയന്‍ തീരുമാനിച്ചതോടെ മൂന്നാര്‍വീണ്ടും സംഘര്‍ഷഭൂമിയാകും. ചര്‍ച്ച പരാജയപ്പെട്ട വിവരമറിഞ്ഞയുടന്‍തന്നെ മൂന്നാറില്‍ പ്രതിഷേധം അണപൊട്ടുകയും പെമ്പിളൈ ഒരുമൈ തൊഴിലാളികള്‍ കൊച്ചിധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇന്നു മൂന്നാറില്‍ കടകള്‍ അടപ്പിക്കുമെന്നും റോഡുകള്‍ ഉപരോധിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ ആറുമുതല്‍ 15 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും.
ചട്ടമൂന്നാര്‍, വാഗുവരെ, തലയാര്‍, നയമക്കാട്, പെരിയ കനാല്‍, കന്നിമല, സിഗ്‌നല്‍ പോയിന്റ്, പഴയ മൂന്നാര്‍, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ്ലാന്‍ഡ്, ഹെഡ് വര്‍ക്‌സ്, ലാക്കാട്, സൂര്യനെല്ലി, നല്ലതണ്ണി എന്നിവിടങ്ങളിലാണ് റോഡ് ഉപരോധം. രാപ്പകല്‍ റോഡ് ഉപരോധമടക്കമുള്ള സമരത്തിനും പെമ്പിളൈ ഒരുമൈ ലക്ഷ്യമിടുന്നുണ്ട്. സമരനപടികളുടെ ഭാഗമായി സംയുക്തതൊഴിലാളി യൂണിയന്‍ പ്രാദേശിക നേതാക്കളുമായി ആലോചിച്ച് എസ്‌റ്റേറ്റ് പടിക്കലോ എസ്‌റ്റേറ്റ് ഓഫീസുകള്‍ക്കുമുമ്പിലോ ആകും നിരാഹാരസമരം.
സെക്രട്ടേറിയറ്റ് പടിക്കലും നിരാഹാരമിരിക്കും. സെക്രട്ടേറിയേറ്റിലേക്ക് വന്‍ പ്രതിഷേധമാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംയുക്തതൊഴിലാളി യൂണിയനുകളുടെ യോഗം ഇന്നുരാവിലെ തിരുവനന്തപുരത്തു ചേരും.ഇന്നലത്തെ പി.എല്‍.സി. യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. മിനിമംകൂലി സംബന്ധിച്ച മുഖ്യമന്ത്രിയുടെ സമവായം ഇരുകൂട്ടരും അംഗീകരിക്കുകയാണെങ്കില്‍ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാമെന്ന നിലപാടായിരുന്നു മന്ത്രിമാരുടേത്. എന്നാല്‍ സമവായം എന്തെന്ന് അറിയാതെ ഉറപ്പുനല്‍കാനാവില്ലെന്ന് യൂണിയന്‍ നേതാക്കളും തോട്ടമുടമകളും നിലപാടെടുത്തതോടെ മുഖ്യമന്ത്രി വന്നില്ല.
ഒത്തുതീര്‍പ്പായി ഇടക്കാലാശ്വാസമെന്ന നിര്‍ദേശമാണ് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആദ്യം മുന്നോട്ടു വെച്ചത്. ഇന്നുമുതല്‍ കൂലിപ്രശ്‌നം പരിഹരിക്കപ്പെടുന്നവരെ ഇടക്കാലാശ്വാസം നല്‍കാമെന്നും ഉറപ്പുനല്‍കി. എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഇത് അംഗീകരിച്ചില്ല.ഇടക്കാലാശ്വാസ തുക സംബന്ധിച്ചു ചര്‍ച്ചയുണ്ടായില്ലെന്ന് ഇരുകൂട്ടരും പറയുമ്പൊഴും 50 രൂപ എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. തൊഴിലാളികളുടെ ജോലി ഭാരം കൂട്ടാതെ ഇടക്കാലാശ്വാസം എന്നതായിരുന്നു സര്‍ക്കാര്‍ നയമെന്ന് മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും വ്യക്തമാക്കി.
തൊഴിലാളികളും ഉടമകളും ഉന്നയിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പഠിച്ചു മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെയോ റിട്ട. ജഡ്ജിയുടെയോ നേതൃത്വത്തില്‍ സ്വതന്ത്രമായ കമ്മിഷനെ നിയോഗിക്കാം. അവരുടെ ശിപാര്‍ശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുശേഷം നവംബര്‍ 9 മുതല്‍ വീണ്ടും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചേര്‍ന്ന് കൂലി കൂട്ടുന്നതടക്കം ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇടക്കാലാശ്വാസം എന്ന ഉപാധിക്കു വഴങ്ങിയാല്‍ തൊഴിലാളികള്‍ പിന്നീടു വഞ്ചിക്കപ്പെടുമെന്നും അതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നും യൂണിയനുകള്‍ നിലപാട് എടുത്തതോടെ ചര്‍ച്ച ഫലപ്രാപ്തിയിലെത്താതെ അവസാനിച്ചു.
തോട്ടം തൊഴിലാളികളുടെ മിനിമംകൂലി ഉയര്‍ത്തി സര്‍ക്കാര്‍ നേരിട്ടു വിജ്ഞാപനമിറക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനു സാങ്കേതികതടസമുണ്ടെന്ന മറുപടിയാണു മന്ത്രിമാര്‍ നല്‍കിയത്. 2006ല്‍ ഇത്തരത്തില്‍ കൂലി ഉയര്‍ത്തി ഇറക്കിയ വിജ്ഞാപനംകോടതി സ്‌റ്റേ ചെയ്തു. ഉടമകളും യൂണിയനുകളും തമ്മില്‍ പി.എല്‍.സിയില്‍ സമവായത്തിലെത്താതെ അത് സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു.
വൈകിട്ട് ആറരയോടെയാണ് തലസ്ഥാനത്തെ ചര്‍ച്ച പരാജയപ്പെട്ട വിവരം മൂന്നാറിലെ സമരവേദികളില്‍ എത്തിയത്. ഇതിനിടെ തൊഴിലാളികളായ രാജേശ്വരിയും അന്നമ്മാളും കുഴഞ്ഞുവീണു. ഇവരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെമ്പിളൈ ഒരുമൈ വേദിയില്‍ 10 പേര്‍ നിരാഹാരം തുടരുകയാണ്. ചര്‍ച്ച പൊളിഞ്ഞതറിഞ്ഞ് പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കൊപ്പം പുരുഷന്മാരും ചേര്‍ന്നു. ഏഴരയോടെയാണു റോഡ് ഉപരോധം പിന്‍വലിച്ചത്.
വാഗ്ദാനം നല്‍കി സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി കുറ്റപ്പെടുത്തി. കണ്ണന്‍ ദേവന്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പെമ്പിളൈ ഒരുമൈ ആഹ്വാനം ചെയ്തു. തങ്ങളുടെ ജീവനും രക്തവും നല്‍കി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റു ലാഭം കൊയ്ത ശേഷം കമ്പനി വഞ്ചിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇന്ന് സര്‍ക്കാരിനു തിരിച്ചുനല്‍കാനും സമരക്കാര്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























