എസ്എന്‍ഡിപി യോഗം വെള്ളാപ്പള്ളിയുടെ കുടുംബയോഗം മാത്രമെന്ന് വിഎസ്, വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വിഎസ് എഴുതിയ ലേഖനം വൈറലാകുന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എഴുതിയ ലേഖനം വൈറലാകുന്നു. വെള്ളാപ്പള്ളിയെക്കെതിരെ കഴിഞ്ഞ ദിവസമാണ് വിഎസ് മാധ്യമങ്ങളില്‍ ലേഖനമെഴുതിയത്. നിരവധി ചോദ്യങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ വിഎസ് ഉന്നയിച്ചിരിക്കുന്നത്. വിഎസിന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം..
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും എന്നെ കണക്കിനു ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ലോ. ഞാന്‍ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങള്‍ക്കൊന്നിനും യുക്തിസഹമായോ ജനങ്ങള്‍ക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഞാന്‍ നടേശനോട് കുറെ ദിവസമായി ചോദിക്കുന്നത് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശനത്തിനും വാങ്ങിയ കോഴപ്പണത്തെക്കുറിച്ചായിരുന്നു. ഒന്ന്, കോടികളുടെ കോഴപ്പണം വാങ്ങി ജനങ്ങളെ കൊള്ളയടിച്ചു എന്ന കുറ്റം. രണ്ട്, അങ്ങനെ വാങ്ങിയ പണം കണക്കില്‍കൊള്ളിക്കാതെ കള്ളപ്പണമാക്കി കടത്തി എന്നത്. ഇതിലൂടെ സര്‍ക്കാരിനെയും വഞ്ചിച്ചു. ഇതേപ്പറ്റി മറുപടി പറയണമെന്നാണ് ആവശ്യപ്പെടുന്നത്. കോഴപ്പണം എത്രകോടി എന്നതു സംബന്ധിച്ച് ഒരുപക്ഷേ, തര്‍ക്കമുണ്ടാകാം. ഞാന്‍ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ കണക്ക് നടേശന്‍ പറഞ്ഞാല്‍ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കിലല്ലെങ്കില്‍ മറ്റെവിടെയാണെന്ന കാര്യവും അദ്ദേഹംതന്നെ വെളിപ്പെടുത്തട്ടെ. ഒന്നുകില്‍, ഇങ്ങനെ പണംവാങ്ങി എന്നു പറയണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ല എന്നു പറയണം. എന്തേ നടേശന്‍ ഇത് രണ്ടും പറയാത്തത്? സംഗതി വശപ്പിശകായതുകൊണ്ടല്ലേ? ഏത് ധര്‍മമനുസരിച്ചാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിച്ച് പണമുണ്ടാക്കുന്നത്? വിദ്യകൊണ്ട് പ്രബുദ്ധരാകാനല്ലേ ശ്രീനാരായണ ഗുരു ആഹ്വാനംചെയ്തത്? അല്ലാതെ, വിദ്യകൊണ്ട് കൊള്ള നടത്താന്‍ പറഞ്ഞിട്ടില്ലല്ലോ? ഈവക കാര്യങ്ങള്‍ക്കല്ലേ നടേശന്‍ യുക്തിസഹമായ മറുപടി പറയേണ്ടത്? അതുപറയാന്‍ എന്തേ നടേശന്റെ നാവ് പൊന്തുന്നില്ല?
നാട്ടുകാരോട് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശന്‍ പറയുന്നത്. ഞാന്‍ ചോദിച്ചത് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും കണക്കിനെപ്പറ്റിയല്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്ന നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശനത്തിനും വാങ്ങുന്ന കോഴയെപ്പറ്റിയാണ്. ആ പണം കണക്കില്‍ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നല്‍കിയിട്ടുണ്ടോ? നികുതി നല്‍കിയിട്ടില്ലെങ്കില്‍ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയില്‍ സൂക്ഷിച്ചാലും വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരമാണ്. സാമ്പിളിന് ചില ഉദാഹരണങ്ങള്‍ പറയാം.
1996 മുതല്‍ 2013 വരെ എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴയുടെ കണക്കുമാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഈ കാലയളവില്‍ കേരള സര്‍വകലാശാലയില്‍ 645ഉം കലിക്കറ്റ് സര്‍വകലാശാലയില്‍ 167ഉം കണ്ണൂര്‍ സര്‍വകലാശാലയില്‍ 92ഉം അധ്യാപകനിയമനം നടത്തിയിട്ടുണ്ട്. മൊത്തം 904. ഒരാളില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാല്‍ത്തന്നെ 180 കോടിയിലേറെ രൂപവരും കോഴപ്പണം. മറ്റു സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നിയമനത്തിനും പ്രവേശനത്തിനും വാങ്ങിയ കോഴ ഇതിനുപുറമെ. അതുകൂടി കൂട്ടിയാല്‍ കോഴയുടെ കണക്ക് നൂറുകണക്കിനു കോടികളാകും. എന്നാല്‍, ട്രസ്റ്റിന്റെ വരവുചെലവ് കണക്കില്‍ ഓരോവര്‍ഷവും നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണ്. എസ്എന്‍ സ്ഥാപനങ്ങളില്‍ 2014ല്‍ ലക്ചറര്‍മാരുടെ നൂറ് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു പോസ്റ്റിന് 40 ലക്ഷമാണ് ഇപ്പോഴത്തെ നിലവാരം. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ വരുന്നത് 40 കോടിയായിരിക്കും. ഇതിന്റെ നല്ലൊരു പങ്ക് ഇപ്പോള്‍ത്തന്നെ അഡ്വാന്‍സായി വാങ്ങിയിട്ടുമുണ്ട്.
ഇക്കാര്യങ്ങളെല്ലാം അറിയാന്‍ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴവാങ്ങി നിയമനം നടത്തിക്കഴിഞ്ഞാല്‍, അവര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണ്. കോഴവാങ്ങി നടേശന്‍ നിയമിക്കുന്നവര്‍ക്കൊക്കെ ശമ്പളമായി നല്‍കുന്നത് പൊതുജനങ്ങളുടെ പണമാണെന്നര്‍ഥം. സ്വകാര്യസ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ നേരിട്ട് ശമ്പളംനല്‍കുന്ന സംവിധാനമുണ്ടായത് 1957ലും ഭ67ലും ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴായിരുന്നു എന്ന കാര്യവും നടേശനും മറ്റും ഓര്‍ക്കുന്നത് നല്ലത്. അങ്ങനെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സാര്‍ഥകമാക്കിയത് കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ഇതുകൊണ്ടാണ് കോഴക്കണക്ക് ജനങ്ങളോട് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടത്.
ഇനി, എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും കണക്കുകള്‍ ഈ സംഘടനകളുടെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നടേശന്‍ വാചാലനാകുന്നുണ്ടല്ലോ. എങ്ങനെയാണ് അവിടെ കണക്ക് അവതരിപ്പിക്കുന്നതെന്ന് ഞാന്‍ പറയണോ? അധ്യക്ഷവേദിയിലിരുക്കുന്നയാള്‍ കണക്ക് അവതരിപ്പിക്കാന്‍ നടേശനെ വിളിക്കും. നടേശന്‍ കണക്ക് വായിച്ചുതുടങ്ങുമ്പോള്‍ത്തന്നെ ബോര്‍ഡ് അംഗങ്ങള്‍ സദസ്സില്‍നിന്ന് വിളിച്ചു പറയും. ജനറല്‍ സെക്രട്ടറി എല്ലാം വായിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പാസാക്കിയിരിക്കുന്നു. ഉടന്‍വരും വമ്പിച്ച കരഘോഷം. അതോടെ കണക്കെല്ലാം പാസായതായി പ്രഖ്യാപിക്കും. ഇതേപ്പറ്റിയാണ് നടേശന്‍ വീമ്പിളക്കുന്നതെന്നോര്‍ക്കണം.
കണക്ക് വായിച്ചുതുടങ്ങുമ്പോള്‍ത്തന്നെ ആരൊക്കെയാണ് കൈയടിച്ചു പാസാക്കുന്നത്? ഭൂരിപക്ഷംപേരും നടേശന്റെ കുടുംബക്ഷേമ യോഗക്കാര്‍തന്നെ. യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും ജനറല്‍ സെക്രട്ടറി നടേശന്‍. എസ്എന്‍ ട്രസ്റ്റ് മെഡിക്കല്‍മിഷന്‍ ചെയര്‍മാനും നടേശന്‍തന്നെ. യോഗം വൈസ് പ്രസിഡന്റ് നടേശന്റെ മകന്‍ തുഷാര്‍. എസ്എന്‍ യൂത്ത് മൂവ്‌മെന്റ് ചെയര്‍മാനും തുഷാര്‍തന്നെ. എസ്എന്‍ഡിപി യോഗത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍സ്ഥാനവും തുഷാറിനാണ്. യോഗം പ്രസിഡന്റ് നടേശന്റെ ബന്ധു ഡോ. സോമന്‍. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ നടേശന്റെ ഭാര്യ പ്രീതി നടേശന്‍. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍മാരുടെ കൂട്ടത്തിലുള്ളത് ആശ തുഷാര്‍ (നടേശന്റെ മരുമകള്‍), വന്ദന ശ്രീകുമാര്‍ (നടേശന്റെ മകള്‍) എന്നിവരാണ്്. എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജയദേവന്‍ നടേശന്റെ അളിയനാണ്. ഇതേ ജയദേവന്‍തന്നെയാണ് എസ്എന്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയും. നടേശന്റെ മകള്‍ വന്ദന ശ്രീകുമാര്‍ എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായുമുണ്ട്. നടേശന്റെ മകന്‍ തുഷാര്‍, അനന്തരവന്‍ ആര്‍ കെ ദാസ്, മകന്റെ ഭാര്യാപിതാവ് അശോകപ്പണിക്കര്‍, അളിയന്‍ നടരാജന്‍ എന്നിവര്‍ എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. എങ്ങനെയുണ്ട് എസ്എന്‍ ട്രസ്റ്റിന്റെയും യോഗത്തിന്റെയും ഭരണസമിതിയുടെ ഘടന? ഇതുകൊണ്ടാണ് ഇത് നടേശപരിപാലന യോഗമാണെന്നും നടേശ കുടുംബക്ഷേമയോഗമാണെന്നുമൊക്കെ ഞാന്‍ പറയുന്നത്. ഇങ്ങനെ കുടുംബക്കാര്‍ പാസാക്കുന്ന കണക്കാണ് എല്ലാം ഭദ്രമെന്ന് നടേശന്റെ മകനും പറയുന്നത്. ഇതെങ്ങനെ നീതിപൂര്‍വകമാകും?
ശ്രീനാരായണീയര്‍മാത്രമല്ല, ജനങ്ങളാകെ ഇതിന്റെ വസ്തുത മനസ്സിലാക്കിയേ മതിയാകൂ. അതുകൊണ്ട് നടേശനും കൂട്ടര്‍ക്കും തട്ടാമുട്ടിപറഞ്ഞ് രക്ഷപ്പെടാനാവില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യംചെയ്യുന്നത് സുതാര്യമായാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടേശന്റെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്.ഡിസംബറില്‍ നടേശനും കൂട്ടരും രാഷ്ട്രീയപാര്‍ടി രൂപീകരിക്കുമെന്നു പറയുന്നുണ്ട്. ആ പാര്‍ടി ഉണ്ടായാല്‍ അതിന്റെ ഘടനയും ഏതാണ്ട് ഇതുപോലിരിക്കും. പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി നടേശനല്ലാതെ മറ്റാരുമാകില്ല. വൈസ് പ്രസിഡന്റ് സ്ഥാനം മകന്‍ തുഷാറിനായിരിക്കും. ട്രഷററായി സ്വന്തം അളിയന്‍തന്നെ വരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മകളും മകന്റെ ഭാര്യാപിതാവും അനന്തരവനുമൊക്കെ ഉണ്ടാകും. പാര്‍ടിയുടെ വനിതാസംഘം പ്രസിഡന്റായി നടേശന്റെ ഭാര്യ പ്രീതിയെയും പരിഗണിക്കും. അപ്പോഴും കോരനു കുമ്പിളില്‍ കഞ്ഞി എന്നു പറയുന്നതുപോലെയാകും സാധാരണ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ ഗതി.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുന്നതുപോലെ, ഇതിനൊന്നും മറുപടിയില്ലെന്നുവച്ച്, എന്നെ ഭള്ളു പറഞ്ഞതുകൊണ്ട് വല്ല കാര്യവുമുണ്ടോ? ഞാന്‍ തെരുവില്‍ കിടക്കുന്നയാളാണെന്നു പറഞ്ഞാണ് നടേശന്‍ ആശ്വസിക്കുന്നത്. അങ്ങനെയെങ്കിലും നടേശന്‍ ആശ്വാസം കണ്ടെത്തുന്നത് നല്ലതാണ്. അദ്ദേഹം മണിമാളികയില്‍ വാഴുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, നടേശന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലത്. സാക്ഷാല്‍ ശ്രീനാരായണഗുരു തെരുവുകളും കാടുംമലയുമൊക്കെ താണ്ടിനടന്നാണ് മഹത്തായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതെന്നു മറക്കരുത്. അതുകൊണ്ട് തെരുവുകളുമായി ബന്ധപ്പെട്ടവരെ നിന്ദിക്കുമ്പോള്‍ അവിടെയും ഗുരുനിന്ദയുണ്ടെന്ന കാര്യം മറക്കരുത്. പിന്നെ, ഞങ്ങളൊക്കെ തെരുവിലും പാടത്തും പറമ്പിലുമൊക്കെ കിടക്കുകയും പ്രകടനങ്ങള്‍ നടത്തുകയും പോരാടുകയും പൊലീസിന്റെയും പട്ടാളത്തിന്റെയുമൊക്കെ അടിയും ഇടിയും ഏറ്റുവാങ്ങുകയും ചെയ്തതിന്റെയെല്ലാം ഫലമായാണ് നടേശനും മറ്റും നെഞ്ചുവിരിച്ച് നില്‍ക്കാനും വായില്‍ തോന്നുന്നതുപോലെ ഓരോന്നു പറയാനും കഴിയുന്നത് എന്ന കാര്യവും മറക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























