പുതിയ വെളുപ്പെടുത്തലിന് മുമ്പ്... കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും; രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്ന് സ്വപ്ന

അങ്ങനെ ഇന്നും സ്വപ്ന സുരേഷിന്റെ ദിനമായി മാറുകയാണ്. മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ രഹസ്യമൊഴി പരസ്യമാക്കുമെന്ന് പറഞ്ഞതിന് പിന്നാലെ സ്വപ്ന സുരേഷ് ഹൈക്കോടതിയിലും നേരിടുകയാണ്. കെടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.
കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന വാദവും ഇവര്‍ ഉന്നയിക്കും. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്.
ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നല്‍കിയ മറ്റൊരു ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തി സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജിനെ കണ്ടിരുന്നു. ഇതിന് ശേഷം വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ട സ്വപ്ന, ജലീലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ രണ്ട് ദിവസത്തിനകം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരും ജലീലുമാണെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യവും ഉന്നയിച്ചു. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ലെന്നും രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു.
ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷ താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും വ്യക്തമാക്കി. രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്നായിരുന്നു സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പ്രതികരിച്ചു.
അതേസമയം അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞി മുഹമ്മദാജിയുടെ മകന്‍ ജലീലിനില്ലെന്നാണ് കെ ടി ജലീല്‍ തിരിച്ചടിച്ചത്. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷനെന്ന് കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം യഥാര്‍ത്ഥ ഗൂഢാലോചന നടത്തിയത് കെ ടി ജലീലാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു. എന്തായാലും ജലീലിനെ പറ്റി സ്വപ്ന എന്ത് വെളിപ്പെടുത്തലാണ് നടത്തുന്നതെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha