കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...

ലോറേഞ്ചിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തി കാഴ്ചകൾ കണ്ടു മടങ്ങുന്ന കോട്ടപ്പാറയിലേക്കാണ് പ്രവേശനം നിരോധിച്ചുകൊണ്ട് കഴിഞ്ഞദിവസം വനംവകുപ്പ് ബോർഡ് സ്ഥാപിച്ചത്.
സുരക്ഷാപ്രശ്‌നങ്ങളുടെ പേരുപറഞ്ഞ് വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാമത്തെ വിനോദസഞ്ചാരകേന്ദ്രമാണ് വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് അടച്ചുപൂട്ടുന്നത്.
നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്ന മീനുളിയാൻപാറ അടച്ചുപൂട്ടിയിട്ട് നാലുവർഷം കഴിഞ്ഞു. ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. കാറ്റാടിക്കടവിൽ പ്രവേശനനിരോധനഫലകം സ്ഥാപിച്ചിട്ട് മൂന്നുവർഷമാകുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ കോട്ടപ്പാറയിലും പ്രവേശന നിരോധനഫലകം സ്ഥാപിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ കീഴിൽനിന്ന് ഇക്കോടൂറിസം കേന്ദ്രങ്ങൾ പ്രത്യേക ബോർഡിന്റെ കീഴിലാക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യമാണ്. സർക്കാർ ആദ്യം ഈ വിഷയം പരിഗണിച്ചെങ്കിലും പിന്നീട് തുടർനടപടികൾ ഒന്നും കൈക്കൊണ്ടില്ല.
പഞ്ചായത്ത്, വിനോദസഞ്ചാരവകുപ്പ്, ജനപ്രതിനിധികൾ, സ്വകാര്യസംരംഭകർ എന്നിവരടങ്ങുന്ന കോർപ്പറേഷനോ ബോർഡോ രൂപവത്കരിച്ച് ഇക്കോ ടൂറിസംകേന്ദ്രങ്ങൾ ഇതിന്റ കീഴിലാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വണ്ണപ്പുറം പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളെ നിയന്ത്രിക്കാനായി വേണ്ട നടപടികൾ സ്വീകരിക്കാതെ വണ്ണപ്പുറത്തെ ആളുകളുടെ ഉപജീവനപ്രതീക്ഷയായ ടൂറിസംകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിൽ വനംവകുപ്പിനെതിരേ വലിയ പ്രതിഷേധം ഉയരുകയാണ്.
"
https://www.facebook.com/Malayalivartha
























