മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം

മണ്ഡല മകരവിളക്കു തീർഥാടനത്തിനു സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം.
മകരസംക്രമ സന്ധ്യയിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് പന്തളത്തേക്കുള്ള മടക്കയാത്രയിൽ, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലും ചാർത്തുന്നത്.
യുവതികൾക്കു ശബരിമലയിൽ പ്രവേശനമില്ലാത്തതിനാൽ അവർക്ക് തിരുവാഭരണം ചാർത്തിയ അയ്യപ്പദർശനം നടത്താനാവുന്നത് ശബരിമലയുടെ മൂലക്ഷേത്രമായ പെരുനാട് കക്കാട്ട് കോയിക്കലാണ്.
മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകൾ ഇവിടെയെത്താറുണ്ട്. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമലയെന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
പന്തളം രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം പണിതത്. പെരുനാട്ടിലെ പ്രധാന കുടുംബങ്ങളെല്ലാം ക്ഷേത്ര നിർമാണത്തിൽ രാജാവിനൊപ്പമുണ്ടായിരുന്നു. ശബരിമലയിൽനിന്ന് ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്.
ഇന്നു പുലർച്ചെ അവിടെനിന്നു പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മഠത്തുംമൂഴി സ്രാമ്പിക്കൽ വീട്ടിലെത്തുകയും അവിടെ പ്രത്യേക മണ്ഡപത്തിൽ ഇറക്കി വയ്ക്കുന്ന തിരുവാഭരണ പേടകങ്ങൾക്കു മുന്നിൽ ഭക്തർക്കു വഴിപാടുകൾ സമർപ്പിക്കാൻ കഴിയും. 9 മണിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തും.
രാവിലെ 11.30 ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. പുലർച്ചെ 2 വരെ ദർശനമുണ്ടാകും. തുടർന്ന് പന്തളത്തേക്കു യാത്ര ആരംഭിക്കും. നാളെ ആറന്മുമുളയിലാണു വിശ്രമം. 23 ന് രാവിലെ പന്തളത്തു മടങ്ങിയെത്തും. ശബരിമലയും പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രവും കഴിഞ്ഞാൽ പെരുനാട് ക്ഷേത്രത്തിൽ മാത്രമാണ് തിരുവാഭരണം ചാർത്തുന്നത്.
"
https://www.facebook.com/Malayalivartha
























