സ്റ്റേഷനിൽ വിളിപ്പിച്ചിതിൽ വിരോധം, സ്കൂട്ടറിൽ പിന്തുടർന്നെത്തി പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു, കൈപ്പത്തിക്കും വിരലുകൾക്കും മുറിവേറ്റ എസ്ഐ മൽപ്പിടിത്തത്തിലൂടെ പ്രതിയെ പിടികൂടി

സ്കൂട്ടറിൽ പിന്തുടർന്നെത്തി പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. നൂറനാട് സ്റ്റേഷനിലെ എസ്ഐ, തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ. അരുൺ കുമാറിനാണ് (37) വെട്ടേറ്റത്. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ്ഐയുടെ ഇടതു കൈപ്പത്തിക്കും നാലു വിരലുകൾക്കും മുറിവേറ്റു.
വെട്ടേറ്റ എസ്ഐ മൽപ്പിടിത്തത്തിലൂടെ പ്രതി നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതനെ(48) പിടികൂടുകയായിരുന്നു.ഇന്നലെ വൈകിട്ട് 6ന് പൊലീസ് സ്റ്റേഷനു സമീപം പാറ ജംക്‌ഷനിൽ വച്ചായിരുന്നു സംഭവം.
ഇടതു കൈപ്പത്തിക്കും നാലു വിരലുകൾക്കും പരിക്കേറ്റ സ്ഐക്ക് ഒൻപത് തുന്നലുകൾ വേണ്ടി വന്നു.
പ്രതി മദ്യപിച്ച് സഹോദരനോടും ഭാര്യയോടും വഴക്കിടുന്നതു സംബന്ധിച്ച പരാതിയി ഇയാളെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ സുഗതന്റെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് മടക്കി അയച്ചിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നത്.ഇതിന് ശേഷം പട്രോളിങ് ഡ്യൂട്ടിക്കായി എസ്ഐ ജീപ്പിൽ വരുമ്പോൾ പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംക്‌ഷനിൽ ജീപ്പ് തടഞ്ഞു.
മരം മുറിക്കുന്ന വാളുപയോഗിച്ച് കഴുത്തിൽ വെട്ടാൻ ശ്രമിക്കുമ്പോൾ എസ്ഐ ഇടതു കൈകൊണ്ട് വാളിൽ പിടിക്കുകയായിരുന്നു. മുറിവ് വകവയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷം എസ്ഐ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.സംഭവ സമയത്ത് എസ്ഐയും ഡ്രൈവറും മാത്രമേ പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.
https://www.facebook.com/Malayalivartha