കോവളം ബീച്ച് രാജ്യാന്തരം തന്നെയാക്കും; ടൂറിസം സെക്രട്ടറി സന്ദര്‍ശിച്ചു; നടപടിയായി

കേരളത്തിന്റെ രാജ്യാന്തര വിനോദസഞ്ചാരകേന്ദ്രമായ കോവളം ബീച്ച് നവീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ടൂറിസം സെക്രട്ടറി കമലവര്‍ധന റാവു നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ കോവളം ഹവ്വ ബീച്ചിലേയ്ക്കുള്ള റോഡ് നവീകരണം പൂര്‍ത്തിയാക്കും. സമീപത്തെ ഹോട്ടലുകളില്‍ നിന്നു കോവളം ബീച്ചിലേയ്ക്ക് മാലിന്യമൊഴുക്കിവിടുന്നത് കര്‍ശനമായി തടയും. ബീച്ച് ശുചീകരണത്തിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. 15-ന് ഉന്നതതലയോഗം ചേര്‍ന്ന് ബീച്ച് നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ടൂറിസം സീസണ്‍ അടുത്തെത്തിയിട്ടും കോവളത്ത് അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുങ്ങിയിട്ടില്ലെന്നുള്ള കഴിഞ്ഞ ദിവസത്തെ മനോരമ റിപ്പോര്‍ട്ടും ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പരാതികളും കൂടി ആയതോടെയാണ് ബീച്ച് നേരിട്ടു പരിശോധിക്കാന്‍ ടൂറിസം സെക്രട്ടറി എത്തിയത്. റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഏറെക്കാലമായി ഹവ്വ ബീച്ചിലേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ടാറിങ് ഒഴിവാക്കി കോണ്‍ക്രീറ്റ് ടൈല്‍സ് പതിക്കുന്ന ജോലി ഡിടിപിസിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, പണി ഇഴയുകയാണെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. ക്വാറി സമരം മൂലമാണ് പണി വൈകിയതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുമെന്നും ഡിടിപിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റോഡില്‍ നിന്നു ബീച്ചിലേയ്ക്ക് ഇറങ്ങുന്ന റോഡിന്റെ വശങ്ങളില്‍ കാടും മാലിന്യവും നിറഞ്ഞത് അടിയന്തരമായി നീക്കാന്‍ റാവു നിര്‍ദേശം നല്‍കി. സ്വകാര്യ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ അവരുമായി ചര്‍ച്ച നടത്തും. പാര്‍ക്കിങ് ഏരിയ ശുചീകരിച്ച് നടപ്പാത നിര്‍മിക്കും. ബീച്ചിലെ കേടായ ലൈറ്റുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ബീച്ചിലെ ചില സാമൂഹികവിരുദ്ധരാണ് ലൈറ്റുകള്‍ കേടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
വ്യാപാരികളുടെ സഹകരണത്തോടെ ബീച്ച് സംരക്ഷണസമിതി രൂപവല്‍ക്കരിച്ച് ഇത്തരം പ്രശ്‌നങ്ങളെ നേരിടും. ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ബീച്ചിലേയ്ക്ക് തുറന്നുവിടുന്നത് സെക്രട്ടറി നേരിട്ടു പരിശോധിച്ചു. ഹോട്ടല്‍ മാനേജരെ വിളിച്ചുവരുത്തി മൂന്നുദിവസത്തിനുള്ളില്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബീച്ചിലെ മറ്റു ഹോട്ടലുകളില്‍ നിന്നു മലിനജലം ഒഴുക്കിവിടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഡിടിപിസി അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശനനടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കോവളത്തെ നടപ്പാതയിലെ പൊട്ടിയ ടൈല്‍സുകള്‍ ഉടന്‍ മാറ്റും. ബീച്ച് മുഴുവനായി ഉടന്‍ ശുചിയാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്താനും റാവു നിര്‍ദേശം നല്‍കി. കോവളത്ത് തെരുവുകച്ചവടം നടത്തുന്നവര്‍ക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ചുനല്‍കും. രാജ്യാന്തര സീസണു മുന്‍പ് കോവളം ബീച്ചിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 15ന് ഉന്നതതലയോഗം ചേരും.
കലക്ടര്‍, ഡിടിപിസി അധികൃതര്‍ എന്നിവര്‍ക്കു പുറമെ കോവളത്തെ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ടൂറിസം അസോസിയേഷന്‍ പ്രതിനിധികള്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരെയും പങ്കെടുപ്പിക്കും. വ്യാപാരികളുടെയും ടൂറിസം അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബീച്ചിന്റെ സംരക്ഷണവും നവീകരണവും നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കമലവര്‍ധന റാവു പറഞ്ഞു. ടൂറിസം പ്ലാനിങ് ഓഫിസര്‍ ഡോ. എ. ഉദയകുമാറും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























