ഗള്‍ഫില്‍ പോകാനിരുന്ന യുവാവിനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി അരലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; സംഘത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും

ഗള്‍ഫില്‍ പോകുന്നതിന്റെ ഭാഗമായി സുഹൃത്തിനു പാര്‍ട്ടി നടത്താന്‍ ബാര്‍ ഹോട്ടലില്‍ എത്തിയ യുവാവിനെ സുഹൃത്തിന്റെ അറിവോടെ മൂന്നംഗ സംഘം ഹോട്ടല്‍ മുറിയില്‍ എത്തി ബന്ദിയാക്കി അരലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പേരൂര്‍ക്കട പൊലീസ് യുവാവിന്റെ പിതാവിന്റെ പരാതിയെത്തുടര്‍ന്നു സ്ഥലത്തെത്തി നാലംഗസംഘത്തെ അറസ്റ്റുചെയ്തു. നേമം പൂഴിക്കുന്ന് സ്വദേശികളായ സുനീര്‍ (28), ഷെമീര്‍ (27), നീറമണ്‍കര സ്വദേശികളായ വിവേക് (26), വിമല്‍ (27) എന്നിവരാണു പിടിയിലായത്.
വലിയതുറ സ്വദേശി ചിത്രന്‍ (28) എന്ന യുവാവിനെയാണു അമ്പലമുക്കിലെ ബീയര്‍ ആന്‍ഡ് വൈന്‍ ഹോട്ടലില്‍ സംഘം ബന്ദിയാക്കിയത്. ഇന്നു ഗള്‍ഫില്‍ പോകാനിരിക്കുന്ന ചിത്രന്‍ ചെലവു ചെയ്യണമെന്നു സുഹൃത്തായ സുനീര്‍ പറഞ്ഞതിനെത്തുടര്‍ന്നു ചിത്രന്‍ സുനീറുമൊത്ത് ഉച്ചയ്ക്ക് ഹോട്ടലില്‍ മുറിയെടുത്തു. ബീയര്‍ കഴിച്ചുകൊണ്ടിരിക്കെ ഷെമീര്‍, വിവേക്, വിയല്‍ എന്നിവര്‍ മുറിയില്‍ തള്ളിക്കയറുകയും ചിത്രനെയും സുനീറിനെയും ബന്ദിയാക്കി അരലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനിടെ സുനീര്‍ തന്റെ പക്കലുണ്ടായിരുന്ന 20,000 രൂപ സംഘത്തിനു നല്‍കി.
തുടര്‍ന്ന് 30,000 രൂപ ചിത്രന്‍ തരണമെന്നു സംഘം ഭീഷണിപ്പെടുത്തി. തന്റെ പക്കല്‍ പണമില്ലെന്നു ചിത്രന്‍ പറഞ്ഞെങ്കിലും ചിത്രന്റെ മൊബൈലില്‍ പിതാവിനെ വിളിച്ച സംഘം ചിത്രന്‍ ഒരു അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്നും 30,000 രൂപയുമായി ഹോട്ടലില്‍ എത്തണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തില്‍ പന്തികേടു തോന്നിയ ചിത്രന്റെ പിതാവ് പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സിഐ: സുരേഷ് ബാബു, എസ്‌ഐ: ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് രാത്രി 12 മണിയോടെ ഹോട്ടലില്‍ എത്തി സംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ചിത്രന്റെ സുഹൃത്ത് സുനീര്‍ പണത്തിനു വേണ്ടി ഒരുക്കിയ തന്ത്രമായിരുന്നു ബന്ദി നാടകമെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സംഘത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























