മാനവീയം വീഥിയിലെ സിനിമ: ജനത്തിനു നിശ്ചയിക്കാം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു മുന്നോടിയായി മാനവീയം വീഥിയില്‍ നടത്തുന്ന സിനിമാ പ്രദര്‍ശനത്തിനുള്ള ക്ലാസിക് ചിത്രങ്ങളുടെ പട്ടിക തയാറായി. ഓരോ ഞായറാഴ്ചയും പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കു തിരഞ്ഞെടുക്കാം. ചലച്ചിത്രമേളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ (https://www.facebook.com/iffk.ksca?fref=ts) നിര്‍ദേശിച്ചിരിക്കുന്ന ഒന്‍പത് ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവുമധികം പേര്‍ നിര്‍ദേശിക്കുന്ന ചിത്രം മലയാളം സബ്‌ടൈറ്റിലോടെ ഈ ഞായറാഴ്ച പ്രദര്‍ശനത്തിനെത്തും.
സെര്‍ഗി ഐസന്‍സ്റ്റീന്റെ ബാറ്റില്‍ഷിപ് പൊട്ടംകിന്‍, ബെര്‍ഗ്മാന്റെ വൈല്‍ഡ് സ്‌ട്രോബറീസ്, അലന്‍ റെനെയറുടെ ഹിരോഷിമ മോന്‍ അമര്‍, ആന്ദ്രേ വയ്ദയുടെ ആഷസ് ആന്‍ഡ് ഡയമണ്ട്‌സ്, വെര്‍ണര്‍ ഹെര്‍സോഗിന്റെ അഗ്വിര്‍ ദ് റാത്ത് ഓഫ് ഗോഡ്, ചാര്‍ളി ചാപ്ലിന്റെ ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍, റോമന്‍ പൊളാന്‍സ്‌കിയുടെ നൈഫ് ആന്‍ഡ് ദ് വാട്ടര്‍, ഫെഡെറിക്കോ ഫെല്ലിനിയുടെ ലാ സ്ട്രാഡ, അകിരാ കുറസോവയുടെ സെവന്ത് സമുറായ് എന്നിവയാണു പട്ടികയിലുള്ള ചിത്രങ്ങള്‍.
ക്ലാസിക് ചിത്രങ്ങളെ സാധാരണക്കാരിലേക്കു കൂടുതലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര അക്കാദമി ആരംഭിച്ച പൊതു സിനിമാ പ്രദര്‍ശനത്തിനു വലിയ പ്രതികരണമാണു നഗരത്തിലെ ചലച്ചിത്ര പ്രേമികളില്‍ നിന്നു ലഭിക്കുന്നത്. അക്കാദമിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതിനോടകം അനവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. ഡിസംബര്‍ നാലു മുതല്‍ 11 വരെയാണ് ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























