തുഷാറിന്റെ മന്ത്രിപദവി കരിഞ്ഞമോഹം, ബിജെപിയുമായി മൊഴി ചൊല്ലി ചാണ്ടി വഴി കോണ്‍ഗ്രസ് ചാക്കിട്ടു പിടിക്കുന്നു

തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തിനു നേരേ ബിജെപി കേന്ദ്ര നേതൃത്വം മുഖം തിരിച്ചതോടെ വെള്ളാപ്പള്ളിയും ബിജെപിയും തമ്മിലുണ്ടായി വന്ന യോജിപ്പ് പകുതി വഴിയില്‍ മുടങ്ങി. ബിജെപിക്ക് വെള്ളാപ്പള്ളിയുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കാനാവില്ലെന്ന് എസ് എന്‍ഡിപിയിലെ ഒരു ഉന്നതന്‍ പറഞ്ഞു. അതിനിടെ വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴി കോണ്‍ഗ്രസ് ശ്രമം തുടങ്ങി. വെള്ളാപ്പള്ളിക്കെതിരായ പ്രസ്താവനകള്‍ തത്ക്കാലം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
എന്‍എസ്എസ് ഒപ്പം നില്‍ക്കുന്നതു പോലെ എസ് എന്‍ഡിപിയെയും ഒപ്പം നിര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഒക്‌ടോബര്‍ 21 ന് അവധി നല്‍കണമെന്ന എന്‍എസ്എസിന്റെ ആവശ്യത്തോട് സൗമ്യമായി പ്രതികരിച്ച മുഖ്യമന്ത്രി വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ തയ്യാറായി. വെള്ളാപ്പള്ളി നടേശനെതിരെ അച്യുതാനന്ദന്‍ എഴുതിയ കത്ത് ലഭിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പരിഹാസത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അദ്ദേഹം ഇത്തരത്തില്‍ സ്ഥിരമായി കത്തുകള്‍ നല്‍കാറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂളില്‍ അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അച്യുതാനന്ദനെന്നും മുഖ്യമന്ത്രി പരിഹസിച്ചു
അച്യുതാനന്ദനും വെള്ളാപ്പള്ളിയും തമ്മില്‍ നടക്കുന്ന ലഹള പരമാവധി മൂര്‍ച്ഛിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. അതിനിടെ ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ നേരില്‍ കാണുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. ക്രൈസ്തവ-ഇസ്ലാം സമുദായങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. നായര്‍ സമുദായവും ഒപ്പം നില്‍ക്കുന്നു. എസ് എന്‍ഡിപി കൂടി തങ്ങളുടെ പക്ഷത്തേക്ക് ചാഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കു കൂട്ടല്‍. ചുരുക്കത്തില്‍ വളരെ വേഗം രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമാറിയുകയാണ്. എസ് എന്‍ഡിപി പാര്‍ട്ടിയുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് എതിരല്ല. അങ്ങനെ പാര്‍ട്ടിയുണ്ടാക്കിയാല്‍ അവരെ ഘടകകക്ഷിയാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇപ്പോള്‍ എന്‍എസ്എസും ഇടതുമുന്നണിക്കും ബിജെപിക്കും എതിരാണ്. എസ് എന്‍ഡിപി ജയിച്ചു വന്നാല്‍ തുഷാറിനെ മന്ത്രിയാക്കാനും കോണ്‍ഗ്രസിന് വിരോധമില്ല.
തുഷാറിന്റെ ഭാവി മാത്രമാണ് നടേശനെ അലട്ടുന്നത്. തന്റെ കാലശേഷം തന്റെ ശത്രുക്കളെല്ലാം ചേര്‍ന്ന് തുഷാറിനെ ഒതുക്കുമെന്നാണ് നടേശന്റെ ഭയം. അതിനുമുമ്പ് തുഷാറിനെ സുരക്ഷിതസ്ഥാനത്തെത്തിക്കണമെന്ന് നടേശന്‍ കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























