ടോഗോയില്‍ ജയിലിലായ നാലുമലയാളികള്‍ വൈകാതെ മോചിതരായേക്കും

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലില്‍ കഴിയുന്ന നാലുമലയാളികള്‍ വൈകാതെ മോചിതരാകുമെന്ന് സൂചന. എറണാകുളം സ്വദേശികളായ നാലുപേരെ 2013 ജൂലായ് 18-നാണ് അകാരണമായി ടോഗോ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രണ്ട് മാസത്തിനകം തീര്‍പ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇവര്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ നിസാര്‍ ഇന്നലെ കോടതിയില്‍ ഹാജരായി.
ടോഗോയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ ഘാനയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും എത്തിയിരുന്നു. നവംബര്‍ 12ന് കോടതി വീണ്ടും കേസ് പരിഗണിയ്ക്കാനിരിക്കയാണ്. ജോലിക്കായി ടോഗോയിലെ ലോമിലെത്തിയ എളമക്കര സ്വദേശി തരുണ്‍ ബാബു, അങ്കമാലി സ്വദേശി നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുള്ളക്കുട്ടി, കലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
2013 ജൂണ്‍ 21നാണ് ഇവര്‍ ആഫ്രിക്കയിലേക്ക് പോയത്. കിടപ്പാടം പണയം വെച്ചാണ് ഇവരില്‍ പലരും അറിയാത്ത നാട്ടിലെത്തിയത്. തേവര സ്വദേശി അരുണ്‍ ചന്ദ്ര ഇവരെ കൊണ്ടുപോയത് ക്രോസ് വേള്‍ഡ് മറൈന്‍ സര്‍വീസ് എന്നപേരില്‍ തുടങ്ങാനിരിക്കുന്ന ഷിപ്പിംഗ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ കമ്പനി തുടങ്ങാന്‍ വൈകുമെന്നറിയിച്ച് ഇവരെ ഒരു ഹോട്ടലില്‍ പാര്‍പ്പിക്കുകയായിരുന്നു.
ഇവിടെവെച്ച് അരുണ്‍, ഭാര്യാസഹോദരന്‍ നവീന്‍ എന്നിവരടക്കം ആറുപേരേയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കുകയായിരുന്നു. ഇതിനിടെ നിരവധി രേഖകളില്‍ ഒപ്പിടീക്കുകയും ചെയ്തു. കപ്പലിലെ സാധനങ്ങള്‍ കോള്ളയടിച്ചെന്ന പേരിലാണ് അറസ്‌റ്റെന്നും നാലുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചതെന്നും ഇവര്‍ പിന്നീടാണ് അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























