ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നിട്ടും പൊലീസ് ഇടപെട്ടില്ല; എല്ലാം പിണറായിയുടെ അറിവോടെയെന്ന് സതീശന്‍

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല.
പൊലീസിന്റെ സംരക്ഷണയില്‍ മുകളില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം ഉളളതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മേയ് മാസത്തില്‍ വയനാട്ടിലെത്തിയപ്പോള്‍ അമേഠിയിലെ പോലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ ഓടിക്കണം എന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപിയ്ക്ക് അതിന് പ്രാപ്തിയില്ലാത്തതിനാല്‍ ആ നടപടി സിപിഎം ഏറ്റെടുത്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബഫര്‍സോണും എസ്എഫ്‌ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെങ്കില്‍ അത് സ്‌റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടന്നത് ആസൂത്രിത ആക്രമണമാണ്. സ്ഥലത്തെ ക്രിമിനലുകളെ വിളിച്ചുവരുത്തി ഡല്‍ഹിയിലെ സംഘപരിവാര്‍ നേതാക്കളെ സന്തോഷിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ ആക്രമണമാണിതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം അടിച്ചുതര്‍ത്തു. എന്നാല്‍ വേറെ പടമൊന്നും മാറ്റിയില്ല. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഗാന്ധിയ്ക്ക് നേരെ ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ ചെയ്യുന്നത് കേരളത്തില്‍ സിപിഎം ചെയ്യുന്നു. ഇങ്ങനെ സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വര്‍ണക്കടത്ത് കേസില്‍ സന്ധി ചെയ്യുക എന്നതാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണിത്. എസ്എഫ്‌ഐ എന്നത് ക്രിമിനല്‍ സംഘമായി മാറി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ആളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























