ഇനിയും പറ്റാതിരിക്കാന്‍... മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; 30 വയസ് പ്രായമുള്ള യുവാവ് സ്‌കൂട്ടറിലെത്തിയാണ് മാല കവര്‍ന്നത്; വെള്ളം വേണമെന്ന് പറഞ്ഞ് പുറകെയെത്തി മാലയും കൊണ്ട് കവര്‍ന്നു; അവസാനം കളളന് തെറ്റി

കുടിക്കാനായി വെള്ളം ചോദിച്ച് വരുന്നവര്‍ മുമ്പൊക്കെ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും കള്ളം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടിക്കാനായി വെള്ളം ചോദിച്ചെത്തുന്നവരെയും വഴി ചോദിച്ചെത്തുന്നവരേയും സൂക്ഷിക്കണമെന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ കതക് തുറന്നിട്ട് കുടിക്കാനായി വെള്ളം എടുക്കാന്‍ പോകാന്‍ പാടില്ല. പലര്‍ക്കും ദാഹിച്ച വെള്ളം കൊടുത്തില്ലെങ്കില്‍ തീരാ വേദനയായിരിക്കും. വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് കതകടച്ച് പോകുക. വന്നയാളുടെ തൊട്ടടുത്ത് നിന്നും വെള്ളം നല്‍കരുത്. കൈയ്യകലം പാലിച്ച് വെള്ളം നല്‍കുകയും സംസാരിക്കുകയും വേണം. വീട്ടില്‍ മറ്റുള്ളവര്‍ ഉണ്ടെന്ന് ധ്വനി വരുത്തുക.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സംഭവമാണുണ്ടായത്. മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. കൊല്ലം കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. 30 വയസ് പ്രായമുള്ള യുവാവ് സ്‌കൂട്ടറിലെത്തി അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കി. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയില്‍ തിരക്കാനും വീട്ടമ്മ പറഞ്ഞു.
തുടര്‍ന്നു കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ അടുക്കളയിലേക്കുപോയ ധര്‍മലതയുടെ പിന്നാലെ മോഷ്ടാവ് എത്തുകയും മാലപൊട്ടിച്ച് ഓടുകയും ചെയ്തു. ഹെല്‍െമറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വീട്ടമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും വൃക്കരോഗികളാണ്. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമണ്‍ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ(71)യുടെ ഒരു പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നിരുന്നു.
സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കേരളപുരം സ്വദേശി സുധീറിനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയണ്.
കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ വഴിയാത്രക്കാരിയായ റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച് കാറില്‍ കടന്നയാളെ ഇരിട്ടി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്തുമലയില്‍ സെബാസ്റ്റ്യന്‍ ഷാജിയെ (27) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫിലോമിന കക്കട്ടിലിന്റെ മാലയാണ് പൊട്ടിച്ചത്.
വള്ളിത്തോട് കല്ലന്തോട് റോഡില്‍ 32ാം മൈലില്‍ കാര്‍ നിര്‍ത്തി മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന ഫിലോമിനയുടെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരുപവന്റെ സ്വര്‍ണക്കുരിശ് മാത്രമേ പ്രതിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി.
കാറിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. ഇരിട്ടി സി.ഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ കൈമാറി. ശ്രീകണ്ഠപുരം പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. പിന്നാലെയെത്തിയ ഇരിട്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10ന് വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കുരിശ് പ്രതിയില്‍നിന്ന് കണ്ടെടുത്തു.
ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍നിന്ന് വാടകയ്‌ക്കെടുത്താണ് പ്രതി കറങ്ങിനടന്നിരുന്നത്. 10 ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നല്‍കിയില്ലെന്ന് മാത്രമല്ല ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചുനല്‍കിയില്ലെന്നും പോലീസ് പറഞ്ഞു.
വഴി ചോദിച്ച് വരുന്നവരുടെ തൊട്ടടുത്ത് നിന്ന് സംസാരിക്കരുത്. അവരുടെ കൈയ്യിലിരിക്കുന്ന മേല്‍വിലാസം എത്തി നോക്കി വായിക്കാന്‍ പാടില്ല. കുറെയൊക്കെ ശ്രദ്ധിച്ചാല്‍ മാലമോഷണക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
https://www.facebook.com/Malayalivartha


























