അവിഷിത്തിന്റെ ചീട്ട് കീറാന്‍ മൂത്ത നേതാക്കള്‍ കുട്ടി സഖാക്കളെ എല്ലാം ഇന്ന് അറസ്റ്റ് ചെയ്യും; പാര്‍ട്ടിക്കുള്ളിലും പോര് തുടങ്ങി

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നത്. ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്ന് കസ്റ്റഡിയില്‍ എടുക്കും. ഇതുവരെ 29 പേരാണ് അറസ്റ്റിലായത്.
ഓഫീസ് ആക്രമണത്തിന് എതിരെ ഇന്നും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി. ആരോഗ്യമന്ത്രി വീണ ജോര്‍ജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്റെ തല്ലിത്തകര്‍ത്തവര്‍ക്ക് മുന്നറിയിപ്പുമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്റെ മുന്നറിയിപ്പ്. ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
വയനാട്ടിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഘത്തിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് കുട്ടി സഖാവാണെങ്കിലും മൂത്തസഖാക്കളെ പോലും കൂസാത്ത മട്ടായിരുന്നു. മന്ത്രിയുടെ ഓഫീസില്‍ അറ്റന്‍ഡന്റായിട്ട് 2021 ഓഗസ്റ്റ് 10ന് നിയമിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തുന്നത് തോന്നും പടിയായിരുന്നു. വയനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനമായിരുന്നു കൂടുതലും. ഇടയ്ക്കിടെ ടൂറിന് വരുന്നത് പോലെ വന്നുപോകും.
കൃത്യമായി ഓഫീസില്‍ വന്നില്ലെങ്കിലും മാസം ശമ്പളം കിട്ടുന്നതിന് മുടക്കമുണ്ടായില്ല. 2300050200 എന്ന സ്‌കെലിയിലായിരുന്നു ശമ്പളം കൈപ്പറ്റിയിരുന്നത്. കുട്ടിസഖാവ് ഓഫീസില്‍ വരാതെ ശമ്പളം വാങ്ങുന്നതില്‍ പതിവായി ഓഫീസില്‍ വന്നിരുന്ന മൂത്ത സഖാക്കളും കലിപ്പിലായിരുന്നു. ഓഫീസില്‍ വരണമെന്ന നിര്‍ദ്ദേശം ഇടയ്ക്കിടെ നല്‍കിയിരുന്നെങ്കിലും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ ബന്ധുവെന്ന പരിഗണനയും അവിഷിത്തിന് ലഭിച്ചിരുന്നു. ഗഗാറിന്റെ മകന്റെ ഭാര്യാ സഹോദരനാണ് ഇയാള്‍. അതായത് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയന്‍. ജില്ലാ സെക്രട്ടറിയുടെ മരുമകളുടെ സഹോദരനെ മന്ത്രി ഓഫീസില്‍ നിയമിച്ചതും ബന്ധു നിയമനമാണ്.
മന്ത്രി ഓഫീസുമായുള്ള ബന്ധം അത്രസുഖകരമാകാതെ വന്നതോടെ ഈമാസം തുടക്കത്തില്‍ ഇനി താന്‍ ജോലിക്ക് വരുന്നില്ലെന്ന് അവിഷിത്ത് അറിയിച്ചെങ്കിലും ജില്ലാ സെക്രട്ടറിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം ഒഴിവാക്കിക്കൊണ്ട് കത്ത് പൊതുഭരണവകുപ്പിന് കൊടുക്കാനായിരുന്നു മന്ത്രി ഓഫീസ് തീരുമാനിച്ചിരുന്നതായാണ് വിവരം. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പൊക്കാന്‍ അഭിഷിത്ത് ഇറങ്ങി പുറപ്പെട്ടത്. ഇതോടെ മന്ത്രി ഓഫീസും പ്രതിക്കൂട്ടിലായി. ഉടന്‍ ഇയാളെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന കത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണവകുപ്പിന് നല്‍കി തടിയൂരി.
മുമ്പ് ഡോണ്‍ ബോസ്‌കോ കോളേജ് അടിത്തു തകര്‍ക്കുമ്പോഴും അവിഷിത്ത് ഉണ്ടായിരുന്നു. അതില്‍ അവിഷിത്തിനെതിരെ കേസ് എടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയന്‍ എന്ന നിലയില്‍ വയനാട്ടിലെ പ്രധാന നേതാവായിരുന്നു അവിഷിത്ത്. ഈ ബന്ധു ബലമാണ് മന്ത്രിയുടെ ഓഫീസില്‍ അവിഷിത്തിനെ എത്തിച്ചത്. ബന്ധു നിയമനങ്ങള്‍ക്കെതിരെയുള്ള നയമെല്ലാം അവിഷിത്തിന്റെ കാര്യത്തില്‍ കാറ്റില്‍ പറന്നു. ഇത് സിപിഎമ്മില്‍ പുതിയ വിവാദമാകും.
അതിനിടെ പൊലീസിനെ വെല്ലുവിളിച്ച് അവിഷിത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ അതിവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി പൊതുഭരണവകുപ്പ് ഉത്തരവും ഇറക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പൊലീസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha


























