അതിര്‍ത്തിയില്‍ വീണ്ടും ഗ്രാമം പണിത് ചൈന; സാറ്റലൈറ്റ് ചിത്രങ്ങളില്‍; കലി തുള്ളി ഇന്ത്യ

ദോക്‌ലാമിന് സമീപം പുതിയ ഗ്രാമം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ദോക്‌ലാം പീഠഭൂമിയില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍ പ്രദേശത്തെ മൂന്നാമത്തെ ഗ്രാമമാണിത്. പണികള്‍ പുരോഗമിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമേഖലയായ അമോചു നദിയോട് ചേര്‍ന്നുള്ള പുതിയ ഗ്രാമത്തിന്റെ നിര്‍മ്മാണം സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തും. നദിക്ക് കുറുകേ പാലവും പണിതിട്ടുണ്ട്.
അതേസമയം,? ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാക്‌സര്‍ പുറത്തുവിട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. ഇതില്‍ നിന്നും ഗ്രാമങ്ങളില്‍ ആള്‍ താമസമുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം രൂക്ഷമായതിന് പിന്നാലെയാണ് അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയത്. പുതിയ പാലത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുമായി ചൈനയ്ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും. ഇതും ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha