സജീവന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ഉള്ളുനീറി ഒരു നാട്; രോഗിയായ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ

സജീവന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ഉള്ളുനീറി ഒരു നാട്. വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തോടെ ആശ്രയമറ്റത് പെറ്റമ്മയ്ക്കും, അവരുടെ മൂത്ത സഹോദരി നാരായണിക്കുമാണ്. രോഗികളായ ഇരുവർക്കും ഭക്ഷണമടക്കമുള്ള കാര്യങ്ങൾ ഒരുക്കിയതിന് ശേഷമാണ് ജോലിക്ക് പോലും പോയിരുന്നത്. വടകര താഴേ കോലോത്ത് പൊന്‍ മേരി പറമ്പില്‍ സജീവനെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
വൈകുന്നേരം നാല് മണിയോടെയാണ് മകന്റെ വേർപാട് അമ്മയറിയുന്നത്. മകന് ഇതുവരെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മ പറയുന്നത്. ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ മഴക്കാലത്ത് താമസിക്കാൻ കഴിയാതെ വന്നതോടെ അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഇരുവരുടെയും താമസം. നല്ല പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ സ്നേഹം പിടിച്ചുപറ്റിയ സജീവൻ എന്തിനും ഏതിനും മുൻപന്തിയിൽ ഉണ്ടായിരുന്നു.
സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ സജീവൻ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഷന്‍ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.
പുലർച്ചെ 2.30നായിരുന്നു അബോധാവസ്ഥയിലായ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നത്. അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ ഏറെനേരം കിടന്ന സജീവനെ പോലീസുകാർ തിരിഞ്ഞ് നോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവന്റെ മരണമെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിന് ശേഷം കുഴഞ്ഞു വീണതാകാമെന്നുമാണ് പോലീസിന്റെ വാദം.
https://www.facebook.com/Malayalivartha