'ഇതൊക്കെ കണ്ടു നിൽക്കുന്ന ചിലരുടെ ഞരമ്പുകൾക്കുണ്ടാവുന്ന പ്രത്യേകതരം വ്രണമാണ് പ്രശ്നം. ആ വ്രണമാണ് സദാചാരമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. ലൈംഗികത എന്നു കേൾക്കുമ്പൊഴേ കാലുകൾക്കിടയിലെ അവയവം മാത്രം ഓർമ്മ വരുന്നത് കൊണ്ടുണ്ടാവുന്ന ഈ മാരകരോഗത്തെയും രോഗിയെയും ഒരു സാമൂഹിക വിപത്തായി കണ്ട് അവരെ നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്ന് അകറ്റി നിർത്തുകയേ തൽക്കാലം വഴിയുള്ളൂ...' മനോജ് വെള്ളനാട് കുറിക്കുന്നു

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചു നീക്കിയിരുന്നത്. ഇതേതുടർന്ന് ആൺകുട്ടികളും പെണ്കുട്ടികളൂം മടിയിൽ ഇരുന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇതിനുപിന്നാലെ പലവിധത്തിലുള്ള ആരോപണനകളാണ് ഉയർന്നുവന്നത്. നിങ്ങളുടെ യഥാർത്ഥ ലൈംഗികാവയവം ഏതാണ്? എന്ന തലക്കെട്ടോടുകൂടി മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിങ്ങളുടെ യഥാർത്ഥ ലൈംഗികാവയവം ഏതാണ്?
ആണും പെണ്ണും അടുത്തിരുന്നാൽ, അല്ലെങ്കിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാൽ ആണിന് ലൈംഗിക വികാരം ഉണരുമെന്നതാണ് ഇന്നത്തെ ഹോട്ട് ടോപ്പിക്. എന്നാലത് തെറ്റാണ്. ആണിന് മാത്രമല്ലല്ലോ ഈ പറഞ്ഞ വികാരമുള്ളത്, പെണ്ണിനുമുണ്ട്. അവർക്കുമുണരാം. അപ്പൊ പറയുമ്പോ എല്ലാവരെയും ഉൾക്കൊണ്ട് പറയണം. അതൊന്ന്. രണ്ടാമത്തെ കാര്യം, ഏത് ജെൻഡറിൽ പെട്ട ആളായാലും മറ്റൊരാൾ ഒന്ന് തൊട്ടാലോ, അടുത്തിരുന്നാലോ ഒന്നും ഈ പറഞ്ഞ വികാരം ഉണരണമെന്ന് ഒരു നിർബന്ധവുമില്ല.
കാരണം, ഒരാളുടെ യഥാർത്ഥ ലൈംഗികാവയവം രണ്ടു കാലുകൾക്കിടയിലല്ല ഇരിക്കുന്നത്, രണ്ടു ചെവികൾക്കിടയിലാണ്. അതിന്റെ പേരാണ് തലച്ചോർ.
തലച്ചോറാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നത് കൊണ്ടാണ് മനുഷ്യന്മാർക്കിടയിൽ ഹെറ്ററോ സെക്സ്വാലിറ്റിയും ഹോമോ സെക്സ്വാലിറ്റിയും ബൈസെക്സ്വാലിറ്റിയും നിരവധി ജെൻഡറുകളും ഒക്കെ ഉണ്ടാവുന്നത്. കാലുകൾക്കിടയിലെ ഓർഗനാണ് തീരുമാനമെടുക്കുന്നതെങ്കിൽ മനുഷ്യനെന്നാൽ രണ്ടു ജെൻഡറുകൾ മാത്രമുള്ള ഹെറ്ററോസെക്സ്വൽ ജീവി മാത്രമായിരുന്നേനെ. മാത്രമല്ല, ഒരാളുടെ ലൈംഗിക വികാരത്തെ ഉണർത്താൻ മറ്റൊരാളുടെ ശരീരം പോലും ആവശ്യമില്ലാ എന്നും എല്ലാവർക്കുമറിയാം. ശബ്ദമോ കാഴ്ചയോ എന്തിന് ഭാവനയോ പോലും മതി. ഒക്കെ തലച്ചോറിന്റെ മാത്രം കളിയാണ്.
ഇനി വിഷയത്തിലേക്ക് വന്നാൽ, അമ്മയെയോ അച്ഛനെയോ സഹോദരനെയോ സഹോദരിയെയോ മക്കളേയോ കസിൻസിനെയോ ഒക്കെ മടിയിലിരുത്തുകയോ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയോ എന്തിന് അവരുടെ നഗ്നത കാണുകയോ ചെയ്താൽ പോലും ബഹുഭൂരിപക്ഷം മനുഷ്യർക്കും ഈ പറയുന്ന ലൈംഗിക വികാരങ്ങൾ ഉണരാത്തത് തലച്ചോർ അങ്ങനെ ചിന്തിക്കാത്തത് കൊണ്ടാണ്. അല്ലാതെ ലൈംഗികശേഷിക്ക് പ്രശ്നമുള്ളത് കൊണ്ടല്ലാ. ഇതേ തരം ബന്ധം സുഹൃത്തുക്കൾ തമ്മിലും ഉണ്ടാവും. ഉണ്ടാവണം. അപ്പൊഴാണവർ നല്ല സുഹൃത്തുക്കൾ ആവുന്നത്. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ മടിയിലിരിക്കുകയോ ആലിംഗനം ചെയ്യുകയോ ഒന്നും ആരുടെയും വികാരത്തെ ഉണർത്തില്ല. അഥവാ ഉണർന്നാലും ഇതേ തലച്ചോറ് ശരിതെറ്റുകളെ വിശകലനം ചെയ്ത് ശരിയായത് തെരെഞ്ഞെടുക്കുകയും ചെയ്യും.
പിന്നെ ഇതൊക്കെ കണ്ടു നിൽക്കുന്ന ചിലരുടെ ഞരമ്പുകൾക്കുണ്ടാവുന്ന പ്രത്യേകതരം വ്രണമാണ് പ്രശ്നം. ആ വ്രണമാണ് സദാചാരമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. ലൈംഗികത എന്നു കേൾക്കുമ്പൊഴേ കാലുകൾക്കിടയിലെ അവയവം മാത്രം ഓർമ്മ വരുന്നത് കൊണ്ടുണ്ടാവുന്ന ഈ മാരകരോഗത്തെയും രോഗിയെയും ഒരു സാമൂഹിക വിപത്തായി കണ്ട് അവരെ നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്ന് അകറ്റി നിർത്തുകയേ തൽക്കാലം വഴിയുള്ളൂ.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha