മരണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസിന്റെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ. 2016-ലാണ് സിൻസി പൊലീസിൽ സിവിൽ പൊലീസ് ഓഫീസറായി സർവീസിൽ പ്രവേശിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയിൽ ചേർന്ന് പരിശീലനം നേടി തുടർന്ന് മാസ്റ്റർ ട്രെയിനിയായി സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകിയിരുന്ന സിൻസിയെ മേലുദ്യോഗസ്ഥർക്കും ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പ്രത്യേക താത്പര്യമായിരുന്നു സിൻസിക്കെന്ന് സഹപ്രവർത്തകർ പറയുന്നു. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സിൻസി ഓടിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിച്ചത് ഏറെ വൈകിയായിരുന്നു. ഇലവുതിട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തിയാണ് സിൻസിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ശരീരത്തിൽ നിന്ന് ഏറെ രക്തം നഷ്ടമായിരുന്നു.
രണ്ടാഴ്ചയോളം ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും സിൻസി ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകർ. ആദ്യ ഘട്ടത്തിൽ മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി സിൻസിയെ മരണം കവരുകയായിരുന്നു. പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന ക്ലാസെടുക്കാൻ കോഴഞ്ചേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറിന്റെ അമിതവേഗവും ദിശതെറ്റിയുള്ള യാത്രയുമാണ് അപകടത്തിന് കാരണം. ഉടമകൂടിയായ പെരുമ്പാവൂർ സ്വദേശി കെ.എം. വർഗീസിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പുകൂടി ചേർത്ത് പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തലയ്‌ക്കേറ്റ പരിക്കിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് സിൻസി മരിച്ചത്.
അതേ സമയം സിൻസിയുടെ ജീവിതം ധീരതയുടെയും കർമനിരതയുടെയും പ്രതീകമായി എന്നും പെൺകുട്ടികൾക്ക് പ്രചോദനമായി തീരട്ടെയെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ടു മാസങ്ങൾക്ക് മുമ്പുള്ള ചിത്രമാണ് കളക്ടർ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓർമ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു. സ്വയം പ്രതിരോധ പ്രകടനത്തിൽ മല്ലിട്ടു വനിതകൾ എന്ന സമഭാവനയിൽ ഞങ്ങൾ അഭിമാനിച്ചതു എന്നും ഓർമച്ചെപ്പിൽ കാത്തുസൂക്ഷിക്കുമെന്നും ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha