മുട്ടിടി തുടങ്ങി: 'ആ നീക്കം' തകർക്കാൻ രണ്ടും കൽപ്പിച്ച് സർക്കാർ

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയിലേയ്ക്ക് മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തില്‍ മുട്ടിടിച്ച് കേരളസര്‍ക്കാര്‍. വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറുടെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കും. നിലവിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇഡി കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. കേരളത്തിൽ വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഇഡി ആശങ്കപ്പെടുന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ പറയുന്നു. സ്വപ്ന സുരേഷിന്റെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു ഇഡിയുടെ ഈ നീക്കം. ഇ.ഡി. കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഹർജിയെ സർക്കാർ എതിർക്കുന്നത്. ചെെന്നെയോ ഹൈദരാബാദോ പരിഗണിക്കാതെ, ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയിലേയ്ക്ക് തന്നെ മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ബംഗളുരുവിലേയ്ക്ക് തന്നെ വിചാരണ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ബി.ജെ.പി. സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസിനെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കക്ഷികള്‍ക്കെല്ലാം നോട്ടീസയച്ച് വാദം കേട്ടശേഷമാകും ഇ.ഡിയുടെ അപേക്ഷ സുപ്രീം കോടതി തീര്‍പ്പാക്കുക.
ഹര്‍ജിയില്‍ വാദം തുടങ്ങിയ ശേഷം, കോടതിയുടെ നിലപാട് വിലയിരുത്തിയാകും സര്‍ക്കാരിന്റെ ഈ നീക്കം. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരേ വിജിലന്‍സും ക്രൈംബ്രാഞ്ചും പോലീസും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. പ്രതികള്‍ ബംഗളുരുവിലേക്കു മാറുന്നതു കേരളത്തിലെ കോടതി നടപടികളെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിക്കും.
പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണു സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. ഇവരില്‍ ശിവശങ്കര്‍ ഉന്നത സര്‍ക്കാർ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുമോയെന്നും ആശങ്കയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കോടതിയിൽ സ്വപ്ന സുരേഷ് 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വജ്രായുധമാകുന്ന പശ്ചാത്തലത്തിലാണ് കോടതി മാറ്റത്തിനായുള്ള ഇ ഡി നീക്കം. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇ ഡി ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല എം ശിവശങ്കർ ഇ ഡിക്കെതിരെ രംഗത്തെത്തിയതും പുസ്തകം എഴുതിയതും ശിവശങ്കർ സ്വാധീനിച്ചാണ് സ്വപ്ന സുരേഷ് ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയത് എന്ന വെളിപ്പെടുത്തലും കോടതി മാറ്റാനുള്ള അപേക്ഷയ്ക്ക് കാരണമായിട്ടുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha