പണംവെച്ച് ചീട്ടുകളി, കൈയ്യോടെ പിടിയിലായ പൊലീസുകാർക്ക് സസ്പെൻഷൻ, അറസ്റ്റിലായ 11 പേരടങ്ങുന്ന സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് പത്ത് ലക്ഷത്തിലധികം രൂപ

പത്തനംതിട്ടയിൽ പണംവച്ച് ചീട്ടുകളിച്ചതിന് പിടിയിലായ എസ്.ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐ അനിലിനും സി.പി.ഒ അനൂപ് കൃഷ്ണനുമെതിരെയാണ് നടപടി. പത്തനംതിട്ട എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് എസ് കെ അനിൽ. പാലക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനൂപ് കൃഷ്ണൻ.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കുമ്പനാട് നാഷണൽ ക്ലബിൽ പരിശോധന നടന്നത്.ഈ മാസം 16 നാണ് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘത്തെ പിടികൂടിയത്. സംഭവത്തിൽ 11 പേർ അറസ്റ്റിലാവുകയും പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ 11 പേരിൽ രണ്ട് പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.
അതേസമയം വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
സസ്പെൻഷനിലായ വടകര എസ്.ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.എന്നാൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.ഇതിൽ കൂടുതൽ അന്വേഷണമുണ്ടാകും. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.
https://www.facebook.com/Malayalivartha


























