കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ! ഒരാൾ മരിച്ചു... കൊല്ലത്താണ് സംഭവം....

കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. 20 പേരാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. പരിക്കേറ്റയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചു പേർ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങിക്കിടക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്, അവധി ദിവസമായതിനാൽ നിരിവധി സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്തത്.
വനമേഖലയിൽ പെയ്ത് മഴയെ തുടര്‍ന്ന് ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അച്ചൻകോവിലാറിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് വിലക്കി വനംവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ സമാന രീതിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.
ചെങ്കോട്ട - അച്ചൻകോവിൽ പാതയിൽ നിന്ന് നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിൻ്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 250 അടി ഉയരത്തിൽ നിന്നുമെത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
സംസ്ഥാന വനംവകുപ്പിനു കീഴിൽ വനം ഡവലപ്മെന്റ് സൊസൈറ്റിയാണ് ഇവിടെ വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അഞ്ചു വർഷം മുൻപ് ഇവിടെ സമാനരീതിയിൽ മരണം ഉണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനു മുൻപാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണ്.
കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha