പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധന ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി വിദ്യാഭ്യാസ വകുപ്പ്... ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തലുണ്ടെങ്കില്‍ തിരുത്താനും ,ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഈ സമയം വിനിയോഗിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് വൈകിട്ട് അഞ്ചു വരെ നീട്ടി വിദ്യാഭ്യാസ വകുപ്പ്. ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നടപടി.
ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തലുണ്ടെങ്കില്‍ തിരുത്താനും ,ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഈ സമയം വിനിയോഗിക്കാം. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയമാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് തിരുത്തലിന് സമയം നീട്ടി നല്‍കണമെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. പോര്‍ട്ടലിന്റെ നാലു സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.
അതേസമയം ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുകയും 22 ന് ക്ലാസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 30 വരെയായിരിക്കും സപ്ലിമെന്ററി പ്രവേശനം. സ്പോര്‍ട്‌സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്‌മെന്റ് 17 നും പ്രസിദ്ധീകരിക്കും. സപ്‌ളിമെന്ററി ഘട്ട പ്രവേശനം ആഗസ്റ്റ് 26ന് നടക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ ആഗസ്റ്റ് ഒന്‍പതിന് ആരംഭിക്കുന്ന ഒന്നാം അലോട്ട്‌മെന്റ് 17ന് അവസാനിക്കും.
രണ്ടാംഘട്ട പ്രവേശനം ആഗസ്റ്റ് 25,26 തീയതികളിലായി നടക്കും.മാനേജ്മെന്റ്, അണ്‍എയ്ഡഡ് പ്രവേശനം ആഗസ്റ്റ് ആറോടെ ആരംഭിച്ച് 20ന് അവസാനിപ്പിക്കും .സപ്‌ളിമെന്ററി ഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 20 വരെയായിരിക്കും.
"
https://www.facebook.com/Malayalivartha