ഡാമുകള്‍ നിറയുന്നു... സംസ്ഥാനത്ത് റെഡ് അലര്‍ട്ട് മാറിയെങ്കിലും ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക; ജലനിരപ്പ് ആറടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും; ചക്രവാതച്ചുഴി കേരളത്തില്‍ പെരുമഴയുണ്ടാക്കുമെന്നുള്ള ഭീഷണി വേറെ; തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദുരിതം പേറി ജനങ്ങള്‍

റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും സംസ്ഥാനത്ത് മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ 5 ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലകളിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം ഡാമുകള്‍ നിറയുകയാണ്. വീണ്ടും ഇടുക്കി ഡാം വാര്‍ത്തകളില്‍ നിറയുകയാണ്. ജലനിരപ്പ് ആറടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ട് 7നുള്ള കണക്കു പ്രകാരം 2376 അടിയാണ് ജലനിരപ്പ്. 2375.53 അടി എത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. 2381.53 അടിയില്‍ ഓറഞ്ച് അലര്‍ട്ടും 2382.53 അടിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.
2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 134.85 അടിയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് തമിഴ്‌നാട് തുറന്നു. 71 അടി ഉയരമുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിയായി ഉയര്‍ന്നതോടെയാണ് 7 ഷട്ടറുകളും തുറന്നത്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. അണക്കെട്ടുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ഉള്‍പ്പെടെ കെഎസ്ഇബി അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























