ചേർത്തല കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി; നഷ്ടമാറ്റിയതു കുടുംബത്തിന്റെ പ്രതീക്ഷ ; ശ്രീഹരിക്കായുള്ള തിരച്ചിൽ തുടരുന്നു

കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 12–ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖി(16)ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് പുലിമുട്ടിനു തെക്കുഭാഗത്തായി കണ്ടെത്തിയത്. വൈശാഖിനൊപ്പം കുളിക്കാനിറങ്ങിയ മൂന്നാംവാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16)യെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അർത്തുങ്കൽ ആയിരംതൈ ഫിഷ്‌ലാന്റിങ് സെന്ററിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ ആറുവിദ്യാർഥികൾ ഒരുമിച്ച് കടൽത്തീരത്തെത്തിയത്.
മൂന്നുപേർ കടലിൽ കുളിക്കാനിറങ്ങിയെങ്കിലും വൈശാഖും ശ്രീഹരിയും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പൊലീസും തീരദേശപൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തിരച്ചിൽ തുടങ്ങി. 8.30 ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിച്ചു. ഉച്ചവരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കോസ്റ്റ് ഗാർഡ് ഹെലികോപ്്റ്ററിലുള്ള തിരച്ചിൽ നിർത്തി മടങ്ങി. വൈകിട്ട് ആറോടെയാണ് പുലിമുട്ടിനു തെക്ക് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
വൈശാഖിന്റെ പിതാവ് ചെത്തുതൊഴിലാളിയായ കണ്ണൻ വ്യാഴാഴ്ച തീരത്തെത്തിയിരുന്നു. രാത്രി ഏറെ വൈകി വീട്ടിലേക്കു മടങ്ങിയത് വൈശാഖിന്റെ അമ്മയെയും സഹോദരി അശ്വനിയെയും സമാധാനിപ്പിക്കാൻ വേണ്ടിയായിരുന്നു.
ശ്രീഹരിയുടെ മാതാപിതാക്കളായ മുരളീധരനും ഷീലയും കടക്കരപ്പള്ളി മൂന്നാംവാർഡിൽ നിന്ന് രണ്ടുവർഷം മുൻപാണ് കണ്ടമംഗലം സ്കൂളിനു സമീപം വാടകവീട്ടിലേക്ക് താമസം മാറിയത്. ശ്രീഹരിയെ കടലിൽ കാണാതായെന്നറിഞ്ഞതോടെ മുരളീധരൻ തീരത്തെത്തി. ശ്രീഹരിയെ കാണാതായ വിവരം ഷീലയെ ഇന്നലെയും അറിയിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























