വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒന്നിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്നും അലഹാബാദ് ഹൈക്കോടതി. യുപിയിലെ ഷാജഹാൻപുർ സ്വദേശികളായ അനാമിക, നേത്രപാൽ എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, തരുൺ സക്‌സേന എന്നിവരുടെ സുപ്രധാന നിരീക്ഷണം. സദാചാരവും നിയമവും രണ്ടാണ്. പ്രായപൂർത്തിയായവർ ഒന്നിച്ച് താമസിക്കുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റകരമല്ല എന്നാണ് കോടതി നിരീക്ഷണം.
മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്ന് കാട്ടി അനാമികയുടെ അമ്മ നൽകിയ പരാതിയിലാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.എന്നാൽ പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനും, അവരെ ശല്യം ചെയ്യരുതെന്ന് പെൺകുട്ടിയുടെ കുടുംബത്തിനും കോടതി കർശന നിർദേശം നൽകി. ഫോൺ വഴിയോ മൂന്നാം കക്ഷി വഴിയോ ദമ്പതികളെ ബന്ധപ്പെടാൻ കുടുംബത്തിന് അനുവാദമില്ല. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ എട്ടാം തീയതിയിലേക്ക് മാറ്റി.
വ്യക്തിപരമായ സദാചാര ബോധമോ സാമൂഹിക അഭിപ്രായങ്ങളോ പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ കോടതിക്ക് തടസ്സമാകരുത്. സദാചാരവും നിയമവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.
https://www.facebook.com/Malayalivartha

























