നീന്തൽ കുളം കാട് കയറി നശിക്കുന്നു; നവീകരിച്ചത് കരകുളം പാലം ജംക്‌ഷന് സമീപം ലോക ബാങ്കിന്റെ ധന സഹായത്തോടെ 24.5 ലക്ഷത്തോളം രൂപ ചെലവിൽ! ഗ്രാമ പഞ്ചായത്തോ, ജന പ്രതിനിധികളോ, ആരും തന്നെ ഈ കുളം നീന്തൽ പരിശീലനത്തിന് ഉപയോഗപ്രദമാക്കി നിലനിർത്താൻ വേണ്ടത്ര താൽപര്യം കാണിച്ചില്ലെന്ന് നാട്ടുകാർ...

കരകുളം പാലം ജംക്‌ഷന് സമീപം നീന്തൽ കുളം കാട് കയറി നശിക്കുന്നതായി റിപ്പോർട്ട്. നീന്തൽകുളം നവീകരിച്ചത് ലോക ബാങ്കിന്റെ ധന സഹായത്തോടെ 24.5 ലക്ഷത്തോളം രൂപ ചെലവിൽ. കുളത്തിന്റെ കരകളിൽ വളർന്ന് കിടക്കുന്ന കാട് ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി മാറി.യിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തോ, ജന പ്രതിനിധികളോ, ആരും തന്നെ ഈ കുളം നീന്തൽ പരിശീലനത്തിന് ഉപയോഗപ്രദമാക്കി നിലനിർത്താൻ വേണ്ടത്ര താൽപര്യം കാണിച്ചില്ലെന്ന് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നു. നവീകരിച്ച ഈ കുളത്തിന്റെ ഉദ്ഘാടനം 2014 ഓഗസ്റ്റ് 25നാണ് അന്നത്തെ എംപി ഡോ എ സമ്പത്ത് നിർവഹിച്ചിരുന്നത്.
അതേസമയം അന്നത്തെ എംഎൽഎ പാലോട് രവി ആയിരുന്നു അധ്യക്ഷൻ. ഉദ്ഘാടനത്തിനെ തുടർന്ന് ഒരു റിട്ട പൊലീസ് ഉദ്യോഗസ്ഥനെ നീന്തൽ പരിശീലകനായി നിയോഗിക്കുകയും ചെയ്തിരുന്നു. നീന്തൽ പരിശീലനത്തിനായി തന്നെ ഇവിടെ കുട്ടികളും എത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ പരിശീലകൻ എത്താതെ ആയി. പരിശീലകന് കൃത്യമായി പ്രതിഫലം നൽകാതെ വന്നതോടെയാണ് പരിശീലകൻ എത്താതിരിക്കാൻ കാരണമെന്ന് പറയുന്നു. പിന്നാലെ പരിശീലകന്റെ അഭാവത്തിൽ നീന്തൽ പരിശീലനത്തിന് കുട്ടികളും വരാതെയായി.
എന്നാൽ മറ്റൊരു പരിശീലകനെ നിയോഗിച്ച് നീന്തൽ പരിശീലനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ വേണ്ടത്ര താൽപര്യം കാട്ടിയില്ലെന്നാണ് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നത്. ഇതോടെ ഈ നീന്തൽ കുളത്തിന്റെ ശോചനീയ അവസ്ഥയ്ക്കും തുടക്കമായി. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ഈ നീന്തൽ കുളം സ്ഥിതി ചെയ്യുന്നത് തന്നെ.
കരകുളം പാലം ജംക്‌ഷനിൽ നിന്നും കാച്ചാണിയിലേക്ക് പോകുന്ന റോഡിന്റെ വശത്ത്, കരകുളം സർവീസ് സഹകരണ ബാങ്കിന് അടുത്ത് 200 മീറ്റർ മാറിയാണ് ഈ നീന്തൽ കുളം സ്ഥിതി ചെയ്യുന്നത് തന്നെ. അതേസമയം എത്രയും വേഗം ഈ നീന്തൽ കുളം നീന്തൽ പരിശീലനത്തിന് സജ്ജമാക്കാൻ ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കണം എന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























