ഒന്നര വയസ്സിൽ അച്ഛനൊപ്പം നാടുവിടേണ്ടി വന്നു; 22 വർഷത്തിനുശേഷം, ഗോവിന്ദ് അമ്മയുടെയും സഹോദരിയുടെയും അരികിലെത്തി; സന്തോഷത്തിൽ നാട്

22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെയും സഹോദരിയെയും കണ്ടെത്തി മകൻ. ഒന്നര വയസ്സിൽ അച്ഛനൊപ്പം നാടുവിടേണ്ടി വന്ന മകനാണ് ഇപ്പോൾ കുടുംബത്തിനെ തേടിയെത്തിയത്. ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് അമ്മ ഗീതയെയും സഹോദരി ഗോപികയെയും കണ്ടെത്തിയത്. ഇതിനായി സഹായിച്ചത് കറുകച്ചാൽ പൊലീസാണ്.
1993ലാണ് ഗുജറാത്ത് സ്വദേശി രാംഭായി കറുകച്ചാൽ കറ്റുവെട്ടി ചെറുപതുപ്പള്ളി ഗീതയെ വിവാഹം ചെയ്തത്. തുടർന്ന് മകൻ ഗോവിന്ദിന് ഒന്നര വയസ്സുള്ളപ്പോൾ രാംഭായി മകനുമായി നാടുവിടുകയായിരുന്നു. എന്നാൽ ഈ സമയം ഗീത ഗർഭിണിയായിരുന്നു. ഇതിനു പിന്നാലെ മകനെയും ഭർത്താവിനെയും കുറിച്ച് ഒരു വിവരവുമില്ലായിരുന്നു എന്ന് ഗീത പറയുന്നു. സംഭവത്തിനു 22 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണു ഗോവിന്ദ് അമ്മയെത്തേടി കറുകച്ചാൽ സ്റ്റേഷനിലെത്തിയത്.
അതേസമയം ഒരു പൊലീസുകാരന്റെ വീടിനടുത്താണ് അമ്മയുടെ വീട് എന്ന് അച്ഛൻ പറഞ്ഞ വിവരം മാത്രമാണ് ഗോവിന്ദിനുണ്ടായിരുന്നത്. ഇതോടെ ആ കാലഘട്ടത്തിൽ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കുകയും, അവരോട് വിവരങ്ങൾ തിരക്കി നെടുംകുന്നമാണ് സ്ഥലമെന്നു പൊലീസ് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പഞ്ചായത്തംഗം ശ്രീജ മനുവുമായി ബന്ധപ്പെട്ട് അമ്മ ഗീത, സഹോദരി ഗോപിക എന്നിവരെ കണ്ടെത്തുകയായിരുന്നു. കറുകച്ചാൽ എഎസ്ഐ അജിത് കുമാർ, സിപിഒ അൻവർ കരീം, കെ.കെ.പ്രമോദ് എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha
























