‘ഗവർണറുടെ പ്രവർത്തനം മാതൃകാപരം; സർക്കാർ ഗവർണർ പോരിനിടയിൽ ഗവർണറെ പുകഴ്‌ത്തി സി.പി.എം. വനിതാ എം.എൽ.എ.; ക്ഷണിച്ചിട്ടും വരാതെ മന്ത്രി ശിവൻകുട്ടി

സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി സിപിഎം. വനിതാ എംഎൽഎ രംഗത്ത്. കായംകുളം സി.പി.എം. വനിതാ എം.എൽ.എ. യു. പ്രതിഭയാണ് വിവാദങ്ങൾക്കിടയിൽ ഗവർണറെ പുകഴ്ത്തിയത്. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതിയാഘോഷച്ചടങ്ങിലാണു പ്രതിഭയുടെ പുകഴ്‌ത്തൽ.
എല്ലാവരോടും വളരെ സ്നേഹത്തോടെയാണു ഗവർണർ പെരുമാറുന്നതെന്നും , എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹത്തിനു പ്രത്യേകശ്രദ്ധയുണ്ടെന്നും പ്രതിഭ പറയുന്നു. മാത്രമല്ല ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു പറഞ്ഞപ്പോൾത്തന്നെ വേദിയിൽനിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങൾ തിരക്കിയെന്നും, രാഷ്ട്രീയഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും എംഎൽഎ പറഞ്ഞു.
അതേസമയം മലയാളംപഠിക്കാൻ ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള ഇഷ്ടവും ശ്രദ്ധേയമാണെന്നും, വേദിയിലിരുന്ന ഗവർണറെ നോക്കി വേഷം നന്നായിട്ടുണ്ടന്നും പ്രതിഭ പറഞ്ഞു. തുടർന്ന് ഗവർണർ ചിരിയോടെ നന്ദിപ്രകടിപ്പിച്ചു. ചെട്ടികുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവർണർ വ്യക്തമാക്കി.
എന്നാൽ ഗവർണർ ഉദ്ഘാടകനായ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയെയും ക്ഷണിച്ചിരുന്നെങ്കിലും യോഗത്തിനെത്താൻ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. ഇതോടെ ശിവൻകുട്ടി എത്താതിരുന്നത് തിരുവനന്തപുരത്ത് ചില രാഷ്ട്രീയ പ്രശ്നങ്ങളുള്ളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എം.എൽ.എ.യും ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























