സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശം; സ്ഥലം മാറ്റിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജഡ്ജി എസ്. കൃഷ്ണ കുമാർ

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഇത്തരത്തിൽ ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റുകയാണ് ചെയ്തത്.
കൊല്ലം ലേബർ കോടതിയിലേക്ക്ണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ പറയുന്നുമുണ്ട് . ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് യുവതിയായ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ദളിത് യുവതിയാണെന്ന് അറിഞ്ഞ് തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും കോടതിയെ അറിയിച്ചിട്ടുമുണ്ട്.
എന്നാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയ്ക്ക് ഹൈക്കോടതിയെ സമീപിക്കാനാകുമോ എന്ന സംശയം കോടതി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരും അതിജീവിതയും ഇന്ന് വിശദീകരണം നൽകുന്നതാണ്. നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന മറ്റൊരു കേസിൽ സിവിക്കിന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പ്രായപരിധി പരിഗണിച്ച് അറസ്റ്റ് വേണ്ടെന്നും കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























