കോഴിക്കോട് ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷ്ടിച്ച് മറിച്ച് വിറ്റു; പത്തൊമ്പത്കാരൻ അറസ്റ്റിൽ; സംഘത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഉണ്ടെന്ന് പോലീസ്

കോഴിക്കോട് ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷ്ടിച്ച് മറിച്ച് വിറ്റ സംഘത്തെ പോലീസ് പിടികൂടി. ചേളന്നൂർ സ്വദേശിയായ 19-കാരൻ അന്വയ് രാജാണ് സംഭവത്തിൽ അറസ്റ്റിലായത്. കാക്കൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് പ്രതികൾ ഓട്ടുവിളക്കുകൾ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
അതേസമയം തന്നെ മോഷണസംഘത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയിൽ വിറ്റ വിളക്കുകൾ കണ്ടെടുത്തു. സാധാരണയായി പ്രതികൾ പകൽ സമയത്ത് വാഹനങ്ങളിൽ ചുറ്റി നടന്ന് സ്ഥലം നോക്കി വെക്കുകയും, തുടർന്നാണ് മോഷണം നടത്തുന്നതെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിൽ മോഷണം നടത്തി കിട്ടുന്ന തുക ധൂർത്തടിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കാക്കൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സനൽ രാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൽ സലാം, എഎസ്‌ഐ സുരേഷ്, എസ്സിപിഒമാരായ മുഹമ്മദ് റിയാസ്, സുബീഷ്ജിത്ത്, സുജാത, അഭിലാഷ്,അരുൺ, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. സമാനമായ രീതിയിൽ മറ്റിങ്ങളിൽ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























