അമ്മായിയപ്പൻ ചമയേണ്ട...പിണറായിക്കെതിരെ മരുമകൻ, വിജിലൻസ് ഉദ്യോഗസ്ഥർ പൊതുമരാമത്തിലെ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിച്ചതിന് പിന്നാലെ സ്വന്തം വകുപ്പിനെ തന്നെ തള്ളി പറഞ്ഞ് മുഹമ്മദ് റിയാസ്, അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങാൻ കോൺഗ്രസ്...!

ഒടുവിൽ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ രംഗത്ത്. ആലുവ - പെരുമ്പാവൂർ റോഡിലെ അപകട കുഴികളുമായി ബന്ധപെട്ട സംഭവങ്ങളിൽ കരാറുകാരെയും ഉദ്യോഗസ്ഥരെയും രക്ഷപെടുത്താൻ വിജിലൻസ് ശ്രമിച്ചതിനെതിരെയാണ് റിയാസ് രംഗത്തെത്തിയത്. തൻ്റെ അതൃപ്തി അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. വിജിലൻസ് ഉദ്യോഗസ്ഥർ പൊതുമരാമത്തിലെ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിച്ചതിന് പിന്നാലെ സ്വന്തം വകുപ്പിനെ തന്നെ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി.
ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് പൊതുമരാമത്ത് വകുപ്പിൻ്റെ വീഴ്ച മന്ത്രി മുഹമ്മദ് റിയാസ് ഏറ്റു പറഞ്ഞത്. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡിൽ കുഴിയില്ല എന്ന മുൻ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഈ ചോദ്യം ചോദിക്കാൻ നിങ്ങളെ ചിലർ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേ സമയം, കുഴിയിൽ വീണ് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. വിഷയത്തിൽ പൊലീസ് നിയമസാധ്യതകൾ തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ടാർ റോഡ് തകർന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാണ് മന്ത്രിയുടെ നിലപാട്.
ഇതിനിടെ അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു .ഇതേ അഭിപ്രായം തന്നെയാണ് റിയാസിനുമുള്ളത്.
ആലുവ-പെരുമ്പാവൂർ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയാണ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സർക്കാറിന് പ്രത്യക്ഷത്തിൽ സാമ്പത്തിക നഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ വർഷവും ഇതേ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. കരാർ കാലാവധി ആറ് മാസമായതിനാൽ അറ്റക്കുറ്റപ്പണി നടത്താൻ മുൻ കരാറുകാരനും ബാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രാഥമിക പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്.
മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിൻെറ പ്രവർത്തനങ്ങളിൽ തീർത്തും അത്യപ്തനാണ്. ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി തനിക്കെതിരെ ഉണ്ടായികൊണ്ടിരിക്കുന്ന പരാമർശങ്ങളിൽ മന്ത്രി നിരാശനും രോഷാകുലനുമാണ്. തന്നെ തൻ്റെ വകുപ്പിലെ ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് മന്ത്രി നിരന്തരം ആവർത്തിക്കുന്നു. ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ് റിയാസ് പറയുന്നത്.
സിപിഎം സംസ്ഥാന സമിതിയിൽ ഏറ്റവുമധികം വിമർശനം കേട്ടത് മുഖ്യമന്ത്രി കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ മരുമകനാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പോലും സംസ്ഥാന സമിതിയിൽ നേതാക്കൾ പോലീസിനെ വലിച്ചു കീറി. രണ്ടാം പിണറായി സർക്കാർ അനുദിനം ജനങ്ങളിൽ നിന്ന് അകലുകയാണെന്നും ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ സർക്കാർ കടുത്ത പ്രതിസന്ധിയിലാകുമെന്നും സി പി എം സംസ്ഥാന സമിതിയിൽ ചർച്ചയുയർന്നു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും തല കുനിച്ചിരുന്ന് വിമർശനങ്ങൾ കേട്ടു.
ആദ്യമായാണ് മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ സി പി എം സമ്മേളനത്തിൽ വ്യാപക വിമർശനം ഉയരുന്നത്. . ഇത്രയും കാലം പിണറായിക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും അനുകൂലമായാണ് നേതാക്കൾ പ്രതികരിച്ചിരുന്നത്. സി പി എം നേതാക്കൾക്ക് പിണറായി എന്നു കേട്ടാൽ ഇത്രയും കാലം ഭയമായിരുന്നു.എന്നാൽ പിണറായിയുടെ പിടി സി പി എമ്മിൽ അയയുകയാണെന്നാണ് റിപ്പോർട്ട്. സി പി എം നേതാക്കൾക്ക് തട്ടി കളിക്കാൻ കഴിയുന്ന കളി പന്തായായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.
റിയാസിനെ വ്യക്തിപരമായി എതിർക്കാൻ തയ്യാറല്ലായിരുന്ന സി പി എം നേതാക്കൾ ഇപ്പോൾ റിയാസിനെതിരെ രംഗത്തെത്തിയത് അദ്ദേഹം പിണറായിയുടെ മരുമകൻ ആയതു കൊണ്ടു മാത്രമാണ്. ഇക്കാര്യം റിയാസിനുമറിയാം. എന്നാൽ റിയാസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. തൻ്റെ വകുപ്പിൽ കുഴപ്പങ്ങളുണ്ടെങ്കിലും അത് പെരുപ്പിച്ചു കാണിക്കുന്നതു പോലെ വലുതല്ലെന്നായിരുന്നു റിയാസിൻെറ അഭിപ്രായം.
ജി.സുധാകരൻ ഭരിച്ചിരുന്ന കാലത്തും പൊതുമരാമത്ത് ഇങ്ങനെയൊക്കെയായിരുന്നു.എന്നൽ മന്ത്രിയായിരുന്ന സുധാകരൻ മുഖം നോക്കാതെ നടപടിയെടുക്കുമായിരുന്നു.റിയാസും അതിന് ശ്രമിച്ചെങ്കിലും സി പി എമ്മിൽ നിന്നു തന്നെ അഭിപ്രായ ഭിന്നതയുണ്ടായതോടെയാണ് പിൻമാറിയത്. വകുപ്പിൽ സി പി എം യൂണിയൻ ശക്തമാണ്. നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ ചിലർ സി പി എമ്മിൻ്റെ മുൻനിര നേതാക്കളായിരുന്നു അതോടെയാണ് റിയാസ് പിന്നാക്കം മാറി തുടങ്ങിയത്.
ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനാണ് വകുപ്പിൻ്റെ ഇമേജ് കളഞ്ഞ പ്രധാനി.കേരളത്തിലെ റോഡുകൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഘട്ടത്തിലും റിയാസിനെ വെറുതെ വിടാൻ തയ്യാറായില്ല. ദേശീയ പാതയെ വിമർശിക്കുമ്പോൾ തന്നെ അദ്ദേഹം സംസ്ഥാന പാതകളെയും വിമർശിച്ചു.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം.റോഡിൻ്റെ പുനർനിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി ഏറെ നാളായുണ്ട്. എന്നാൽ ഇക്കാര്യം മിണ്ടാൻ പല വിധ കാരണങ്ങളാൽ അദ്ദേഹത്തിന് കഴിയുന്നില്ല. ഫണ്ട് കിട്ടാത്ത സാഹചര്യങ്ങളിൽ മുൻ മന്ത്രി സുധാകരൻ നിലപാട് കടുപ്പിച്ചിരുന്നു.എന്നാൽ റിയാസിന് അതിന് കഴിയുന്നില്ല. സീനിയർ നേതാവായ ബാലഗോപാലിനെ തിരുത്താൻ റിയാസിന് കഴിയുന്നതേയില്ല. മുഖ്യമന്ത്രി പറഞ്ഞാൽ പോലും കേൾക്കാത്തയാളാണ് ബാലഗോപാൽ.
തനിക്ക് പൊതുമരാമത്ത് വകുപ്പ് മടുത്തെന്ന് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും റിയാസിനെ രക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ താൻ വകുപ്പിനെ പിന്തുണക്കുന്നതിന് പകരം എതിർക്കുന്നതാണ് നല്ലതെന്ന് റിയാസ് മനസിലാക്കുന്നു. മന്ത്രിയായിരുന്ന കാലത്ത് ജി.സുധാകരൻ ചെയ്തതും ഇതു തന്നെയാണ്. സുധാകരനെ ശിഷ്യപ്പെട്ട് നിൽക്കുന്നതാണ് തനിക്ക് നല്ലതെന്ന് റിയാസ് കരുതുന്നു.
സംസ്ഥാനത്തെ പണം വാരി വകുപ്പുകളിലൊന്നാണ് പൊതുമരാമത്ത്. കഴിഞ്ഞ മന്ത്രിസഭയിൽ വകുപ്പ് സുധാകരന് നൽകിയതു കാരണം പരിമിതമായ വിഭവ സമാഹരണം മാത്രമാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കും കിട്ടിയത്. ഇതിൽ ആശങ്കാകുലനായ മുഖ്യമന്ത്രിയാണ് സ്വന്തം മരുമകനെ പൊതുമരാമത്ത് മന്ത്രിയാക്കിയത്. എന്നാൽ മന്ത്രിയായതു മുതൽ റിയാസിൻെറ സ്വഭാവം മാറി. ഹൈക്കാടതിയിൽ നിന്നും കൊട്ട് കിട്ടി തുടങ്ങിയതോടെ മന്ത്രി എല്ലാവർക്കും എതിരായി .വിഭവവുമില്ല സമാഹരണവുമില്ല എന്നതാണ് പൊതുമരാമത്ത് വകുപ്പിൻ്റെ അവസ്ഥ .
പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ മന്ത്രിക്ക് എതിരായി കഴിഞ്ഞു.. മന്ത്രിക്ക് ജീവനക്കാർ എന്നു കേട്ടാൽ അലർജിയാണെന്ന് ജീവനക്കാർ പറയുന്നു. ജീവനകാർക്കാകട്ടെ മന്ത്രി എന്നു കേട്ടാലും അലർജിയാണ്. ഇത വിഭാഗവും തമ്മിലുള്ള വിശ്വാസം നഷ്ടമായി . നിരന്തരം ജീവനക്കാരെ വിമർശിക്കുന്ന മുൻ മന്ത്രി സുധാകരനെ പോലെയാണ് മന്ത്രി റിയാസെന്ന് ജീവനക്കാർ വിലയിരുത്തുന്നു.അതു കൊണ്ടാണ് ജീവനക്കാർക്കെതിരെ കേസെടുക്കാൻ മന്ത്രി പോലീസിന് നിർദ്ദേശം നൽകിയത്.
താൻ പിണറായിയുടെ മരുമകനായതാണ് വിരോധത്തിന് കാരണമെന്ന് റിയാസിനറിയാം. അതിൽ അദ്ദേഹത്തിന് സങ്കടമുണ്ടെങ്കിലും വിമർശനങ്ങളെ ധീരമായി നേരിടാനാണ് മന്ത്രിയുടെ തീരുമാനം. റോഡിലെ കുഴികളെ കുറിച്ച് കേന്ദ്രത്തിനെതിരെ കുറ്റം പറഞ്ഞിരുന്ന റിയാസ് വളരെ പെട്ടെന്നാണ് മന്ത്രിമാർക്കിടയിൽ ഏറെ മോശക്കാരനായത്. അതിനാലാണ് ഉദ്യോഗസ്ഥരെ സഹായിക്കാൻ പോയ വിജിലൻസിനെതിരെ റിയാസ് സംസാരിച്ചത്. ഉദ്യോഗസ്ഥർ കുറ്റം ചെയ്താൽ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് അഴിമതിയാെണെന്ന് മന്ത്രി റിയാസ് പറയുന്നു. അതിനാൽ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ സൂക്ഷിക്കുന്നതാണ് അവർക്ക് നല്ലത്.
റിയാസിനെതിരെ പിണറായിക്ക് ശുണ്ഠി വരുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ അശക്തനാണ്. മകൾ അദ്ദേഹത്തിൻ്റെ ദൗർബല്യമാണ്. വീണാ വിജയനാണെങ്കിൽ റിയാസിലുള്ള നിയന്ത്രണവും നഷ്ടമായി. നിരന്തരമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം റിയാസിനെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരിക്കുന്നത്. അപ്പോഴും ചിരിക്കുന്നത് മുൻ മന്ത്രി സുധാകരനും സ്പീക്കർ എ.എൻ.ഷംസീറുമാണ്.
https://www.facebook.com/Malayalivartha























